മഹാരാജാസ് കോളജ് സംഘര്‍ഷം: 21 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

എറണാകുളം മഹാരാജാസ് കോളജിലെ സംഘർഷത്തിൽ കൂട്ട സസ്പെൻഷൻ. 21 വിദ്യാർഥികളെ  അന്വേഷണ കമ്മീഷൻ സസ്പെൻഡ് ചെയ്തു. കോളജ് കൗൺസിൽ യോഗമാണ് നടപടി തീരുമാനിച്ചത്. 13 കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കും 8 എസ്എഫ്ഐക്കാർക്കും എതിരെയാണ് അന്വേഷണ വിധേയമായുള്ള നടപടി. ഈ മാസം 18ന് ചേർന്ന കോളജ് കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവ്. 

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൽ നാസറിനെ കുത്തിയ കേസിലാണ് 13 കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവർത്തകരുടെ സസ്പെൻഷൻ. ഈ കേസിൽ 19 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.  ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെയടക്കം ആക്രമിച്ചെന്ന പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരായ നടപടി. മാരകായുധങ്ങളടക്കം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. സസ്പെൻഷൻ കാലയളവിൽ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാനല്ലാതെ നടപടിക്ക് വിധേയരായവർക്ക് ക്യാംപസിൽ പ്രവേശിക്കാനാകില്ലെന്ന് ഉത്തരവിൽ പറയുന്നു.

മഹാരാജാസ് കോളജിലെ സമീപകാല സംഘർഷങ്ങളുടെ പേരിൽ പത്തിലേറെ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആംബുലൻസിലടക്കം കയറി വിദ്യാർഥികളെ ആക്രമിച്ചതിന് 32 പേർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അതേസമയം കോളജിന്റെ സസ്പെൻഷൻ നടപടി ഏകപക്ഷീയമെന്ന ആരോപണവുമായി കെ.എസ്.യുവും ഫ്രറ്റേണിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐ നൽകിയ പ്രതിപക്ഷ വിദ്യാർഥി സംഘടന പ്രവർത്തകരുടെ ലിസ്റ്റ് സസ്പെൻഷൻ ലെറ്ററായി ഇറക്കിയെന്നാണ്  ആരോപണം.

maharajas college clash 21 students suspended