എ.ഐ ക്യാമറ പ്രതിസന്ധി; കെല്‍ട്രോണിന് ഉടന്‍ പണം നല്‍കും; ഗണേഷ്

എ.ഐ ക്യാമറ പ്രതിസന്ധിയില്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കെല്‍ട്രോണിന് പണം നല്‍കുന്ന കാര്യത്തില്‍ ധനമന്ത്രിയുമായി  സംസാരിച്ച് തീരുമാനമെടുക്കും. കെല്‍ട്രോണിന് പണം നല്‍കുന്നില്ലെന്ന മനോരമ ന്യൂസ് വാര്‍ത്തയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും കരാര്‍ തുകയില്‍ ഒരു രൂപപോലും സര്‍ക്കാര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് പിഴ നോട്ടിസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍ കുറച്ചിരുന്നു. പ്രതിദിനം 40,000 നോട്ടിസുകളയച്ചിരുന്നത് 14,000 ആയാണ് കുറച്ചത്. ഇതിന് പുറമെ കണ്‍ട്രോള്‍ റൂമുകളിലുണ്ടായിരുന്ന 44 ജീവനക്കാരെയും കെല്‍ട്രോണ്‍ പിന്‍വലിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തുമെന്നും ജനപ്രതിനിധികള്‍ ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരമെങ്കില്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും സര്‍വീസ് നടത്തും.കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ മികച്ച ശുചിമുറികള്‍ ഏര്‍പ്പെടുത്തും. ഇതിനായി സി.എസ്.ആര്‍. ഫണ്ട് സ്വീകരിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കുമെന്നും ടെസ്റ്റ് നടക്കുന്ന സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കും. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഗതാഗതവകുപ്പ് മുന്‍ മന്ത്രി ആന്‍റണി രാജുവുമായി തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ ഗണേഷ് നിഷേധിച്ചു. അച്ഛനൊപ്പം എംഎല്‍എ ആയിരുന്ന ആളാണ് ആന്‍റണി രാജുവെന്നും ചേട്ടാ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നതെന്നും ഗണേഷ് വിശദീകരിച്ചു. 

Will talk to finance minister on fund release to Keltron