ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ദേശം

എറണാകുളം അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍. മാര്‍പ്പാപ്പ വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയമായി ഉപകാരപ്രദമായ പ്രാദേശിക ആചാരമാണെങ്കിലും സഭയോടുള്ള ഐക്യത്തിനായി ജനാഭിമുഖരീതി ത്യജിക്കാന്‍ തയാറാകണമെന്നും അതിരൂപതാംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ബസിലിക്ക അടക്കം അടഞ്ഞുകിടക്കുന്ന പള്ളികള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍, മാര്‍ ബോസ്കോ പുത്തൂരും സര്‍ക്കുലര്‍ നല്‍കി.

സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിയമിതനായ മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ രണ്ടാംഘട്ട ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്‍പ് തയാറാക്കിയ കത്താണ് ഇന്ന് പ്രസിദ്ധീകരിച്ചത്. അതിരൂപതയില്‍ സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാന ക്രിസ്മസ് മുതല്‍ അര്‍പ്പിക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. നിയമപാലനം എന്നതിലുപരി കത്തോലിക്കാ സഭയോടും മാര്‍‍പ്പാപ്പയോടും ചേര്‍ന്നുനില്‍ക്കാനുള്ള ആഹ്വാനമാണ് ഡിസംബര്‍ ഏഴിന് മാര്‍പ്പാപ്പ നല്‍കിയത്. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സന്ദേശം അസന്നിഗ്ധമായി മാര്‍പ്പാപ്പ നല്‍കിയിട്ടുണ്ട്. മിശിഹായോടും സഭയോടുമുള്ള സ്നേഹം ഒരു പ്രാദേശിക ആചാരത്തെ ത്യജിക്കാന്‍ അതിരൂപതാംഗങ്ങളെ പ്രാപ്തരാക്കണം. ഒഴിവുകഴിവുകളും പിടിവാശിയും ഉപേക്ഷിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. 

മാര്‍‌പ്പാപ്പയുടെ കല്‍പന പാലിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും ആവശ്യപ്പെട്ടു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയടക്കമുള്ള പള്ളികള്‍ തുറക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും നാളെ പള്ളികളില്‍ വായിക്കാനായി നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കുന്നതില്‍ ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. അതിരൂപതയിലെ പള്ളികളില്‍ ക്രിസ്മസ് ദിനത്തില്‍ ഒരു കുര്‍ബാന ഏകീകൃതരീതിയില്‍ അര്‍പ്പിക്കാന്‍ വൈദികര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് കുര്‍ബാനകള്‍ ജനാഭിമുഖരീതിയില്‍ തുടരുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

Ernakulam Angamaly archdiocese uniform mass from Christmas day