padmakumar-was-a-brilliant-

മൂന്നു പതിറ്റാണ്ടു മുൻപ് റാങ്കോടെ എൻജിനീയറിങ് ബിരുദം നേടിയ മിടുക്കനായ വിദ്യാർഥിയിൽ നിന്നാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പത്മകുമാറിലേക്കുള്ള യാത്ര. ഉയർന്ന ജോലി സ്വീകരിക്കാതെ ബിസിനസിലേക്ക് മാറി. അയൽവാസികളോടു പോലും സൗഹൃദമില്ലാത്ത പത്മകുമാറിന്‍റെ ജീവിതം നിഗൂഡമെന്നാണ് നാട്ടുകാരുടെ പ്രതികരണം.

എൻജിനീയറിങ് കോളജിൽ അഡ്മിഷൻ കിട്ടുക പോലും വളരെ പ്രയാസമായിരുന്ന മുപ്പത് വർഷങ്ങൾക്കു മുൻപ് റാങ്കോടെയായിരുന്നു പത്മകുമാറിന്റെ ബിരുദം. കമ്പ്യൂട്ടർ വിദഗ്ദനായിരുന്ന പത്മകുമാറിനു ഉയർന്ന ജോലിയിൽ പ്രവേശിക്കാമായിരുന്നെങ്കിലും ബിസിനസിലേക്ക് കടന്നു. കേബിൾ ടി.വി ശൃംഖലയുടെ  തുടക്ക കാലത്ത് ആ സാധ്യതകൾ തിരിച്ചറിഞ്ഞ് ചാത്തന്നൂരിലെ ആദ്യ കേബിൾ ടി.വി ശൃംഖല തുടങ്ങി. ഒരുപാട് പേർ ഈ രംഗത്തേക്ക് വരാൻ തുടങ്ങിയതോടെ വൻ ലാഭത്തിനു വിറ്റു. പിന്നീട് റിയൽ എസ്റ്റേറ്റ്, ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യ സ്റ്റാൾ, ചിറക്കര  തെങ്ങ് വിളയിൽ ഫാം ഹൗസ്, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി എന്നിവയും നടത്തി. 

എന്നാൽ പല ബിസിനസുകളിലും കൈ പൊള്ളിയതോടെ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് അനുമാനം. കടുത്ത നായ പ്രേമിയായ പത്മകുമാറിന്റെ വീട്ടിൽ മുന്തിയ ഇനമടക്കം പത്തു നായ്ക്കളുണ്ട്. ഇരുനില വീട്ടിനു ചുറ്റും കൂറ്റൻ മതിലും, ഗേറ്റും. വീടിനു മുൻവശം പുല്ലു പിടിച്ചു കിടക്കുന്നതിൽ നിന്നു തന്നെ ഇവിടെ സ്ഥിരമായി താമസമില്ലെന്നു ഒറ്റ നോട്ടത്തിൽ മനസിലാകും. ഭാര്യയോ, മകളോ ഇല്ലാതെ യാത്ര ചെയ്യാറില്ല. കുടുംബം എന്ന ലോകത്തിനപ്പുറം ആരുമായും സൗഹൃദവും, വഴക്കുമില്ലാത്തതായിരുന്നു ജീവിതം. പത്മകുമാറിന്റെ അമ്മ ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു വെഹിക്കിൾ ഇൻസ്പെക്ടർ ആയ പിതാവിന്റെ മരണശേഷമാണ് മാതാവിന് ജോലി ലഭിച്ചത്. സഹോദരനും മരിച്ചിരുന്നു.

Padmakumar was a brilliant student who graduated in engineering with rank