av-gopinath-in-navakerala-s

സിപിഎം പ്രവേശനം സജീവ ചർച്ചയാക്കി മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായിരുന്ന എ.വി.ഗോപിനാഥ് നവ കേരള സദസിൽ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് പാലക്കാട്ടെ പ്രഭാത യോഗത്തിലേക്ക് എ.വി. ഗോപിനാഥ് എത്തിയത്. മുസ്‌ലിം ലീഗിന്റെ മുൻ വനിതാ നേതാവും മണ്ണാർക്കാട് നഗരസഭ അധ്യക്ഷയുമായിരുന്ന എം.കെ. സുബൈദയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രഭാത യോഗത്തിൽ പങ്കെടുത്തു. 

സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പം നവകേരള സദസിന്റെ പ്രഭാത യോഗം നടന്ന പാലക്കാട്ട് ക്ലബ് സിക്സ് കൺവെൻഷൻ സെന്ററിലേക്ക് എ.വി.ഗോപിനാഥ് എത്തുമ്പോൾ ഗോപിനാഥ് സിപിഎമ്മിലേക്ക് എന്ന ചർച്ച കൂടുതൽ ബലപ്പെടുന്നതായി. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങൾക്ക് പിന്തുണയെന്നും പാർലമെന്റ് തെഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും ഗോപിനാഥ്. ഗോപിനാഥിന്റെ വരവ് നവകേരള സദസിന്റെ പ്രാധാന്യം മനസിലാക്കിയെന്ന് മുഖ്യമന്ത്രി.

മുൻ പാലക്കാട്‌ ഡിസിസി അംഗവും, കോൺഗ്രസ് അധ്യാപക സംഘടനാ നേതാവും, കോഴിക്കോട് സർവകലാശാല ഡീനുമായിരുന്ന ഡോ.വി.പി മഹാദേവൻ പിള്ളയും മണ്ണാർക്കാട് മുൻ നഗരസഭ ചെയർപേഴ്സണും വനിതാ ലീഗ് നേതാവുമായിരുന്ന സുബൈദയും നവ കേരള സദസിൽ പങ്കെടുത്തു. അടുത്ത ദിവസവും പാലക്കാട്ടെ നവ കേരള സദസിന്റെ ഭാഗമായി യുഡിഎഫിന്റെ കൂടുതൽ ഭാരവാഹികൾ പങ്കെടുക്കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.  

AV Gopinath in Navakerala Sadas