kollam-child-father-21

 

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരെയും സംശയമില്ലെന്ന് കുട്ടിയുടെ അച്ഛന്‍. ഒരുപോറല്‍പോലുമില്ലാതെ കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷം. ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ വരരുതെന്നും അദ്ദേഹം പറഞ്ഞു.

 

ഇരുപതര മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞു അബിഗേൽ സുരക്ഷിത കരങ്ങളിൽ. അബിഗേലിനായി കേരളക്കരയാകെ കൈകോർത്തപ്പോൾ ഗത്യന്തരം ഇല്ലാതെ തട്ടിക്കൊണ്ടുപോയ സംഘം തന്നെ കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചു. കുഞ്ഞിനെ ഏറ്റെടുത്ത പോലീസ് അബിഗേലിനെ പിതാവിന്റെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിച്ചു.

 

ഒരു രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞിരുന്ന കേരളം കാത്തിരുന്ന നിമിഷം. പേടിച്ച് വിറച്ച് ക്ഷീണിച്ചിരുന്നെങ്കിലും മന:സാന്നിധ്യം വിട്ടിരുന്നില്ല ആ കുഞ്ഞുമനസ്. പേരും സ്ഥലവും അമ്മയുടെ മൊബൈൽ നമ്പറും ഓർത്ത് പറഞ്ഞ് അവൾ അമ്പരപ്പിച്ചു. വീഡിയോ കോളിലൂടെ മകളെ കണ്ടപ്പോൾ അമ്മ സിജിയുടെ കണ്ണുനിറഞ്ഞു. പൊന്നുമോൾ ചിരിച്ചപ്പോൾ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. കടന്നുപോയ നിമിഷങ്ങൾ ഓർത്ത് വീട്ടുകാർ പ്രാർത്ഥനയായി.

 

വീട്ടുകാർ വരുന്നത് വരെ അബിഗേലിനെ ഏറ്റെടുത്ത ഏ.ആർ. ക്യാംപിലെ പൊലീസുകാർ മാമനും മാമിയുമൊക്കെയായി അവളെ ആശ്വസിപ്പിച്ചു. ഒടുവിൽ അബിഗേൽ അവളുടെ ഏറ്റവും സുരക്ഷിതമായ ഇടത്ത്,  അവളുടെ അച്ഛൻ റജിയുടെ മടിത്തട്ടിൽ ഇരുപ്പ് ഉറപ്പിച്ചപ്പോൾ കേരളം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. സഹോദരനൊപ്പം ട്യൂഷന് പോയ അബിഗേലിനെ ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് കാറിലെത്തിയ നാലംഗ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. 

 

അബിഗേലിന്റെ തട്ടികൊണ്ടുപോകലിലെ ഈ ക്ലൈമാക്സ് എല്ലാവരുടെയും വിജയമാണ്. ഒരു ആയുധവും കൈയ്യിൽ എടുക്കാതെ ജനം ഒറ്റക്കെട്ടായി തീർത്ത പ്രതിരോധത്തിൽ കുറ്റവാളികൾക്ക് അവളെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, ഈ കൊടും കുറ്റകൃത്യം ചെയ്ത മുഴുവൻ ആളുകളെയും പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടുവന്നാൽ മാത്രമേ യഥാർത്ഥ കൈമാക്സ് ആകു.

 

Kollam Oyoor girl father reaction