കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറാ റെജിെയ കണ്ടെത്താനായില്ല. സംസ്ഥാനവ്യാപകമായി തിരച്ചില്‍ തുടരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വെള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിരുവനന്തപുരം വേളമാനൂരിലെ വീടിന്റെ സിസിടിവി ക്യാമറയില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. KL 04AF 3239 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ വീടിന് മുന്നിലൂടെ പോയത് ഇന്നലെ വൈകിട്ട് 4.43നാണ്. കൊല്ലം മൂലക്കട, ചിറക്കര ജംക്‌ഷന്‍ വഴി ഇന്നലെ പോയ കാറിനായും തിരച്ചില്‍ തുടരുകയാണ്. മൂലക്കട വഴി പോയത് ഇന്നലെ വൈകിട്ട് 5.18 ന്; ചിറക്കരയിലെത്തിയത് 5.23 ന്. കൊല്ലത്ത് ഐ.ജി ജി.സ്പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍. തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവര്‍ ഇന്നലെ വൈകിട്ട് രണ്ടുതവണ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അഞ്ചുലക്ഷം രൂപയും രണ്ടാമത് 10 ലക്ഷം രൂപയും മോചനദ്രവ്യം ആവശ്യപ്പെട്ടു.
കുട്ടിയുമായി സംഘം കൊല്ലം വിട്ടുപോയിട്ടുണ്ടാകില്ലെന്നും പൊലീസുമായി നിരന്തരം ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു . പൊലീസ് എല്ലാശ്രമങ്ങളും തുടരുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചു. കുട്ടിയുമായി പ്രതികള്‍ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു . പൊലീസില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. അബിഗേലിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം.
കുട്ടിയെ കൊണ്ടുപോയെന്ന് സംശയിക്കുന്ന വെളുത്തകാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കാര്‍ വാഷിങ് സെന്റര്‍ ഉടമ അടക്കം മൂന്നുപേരെ വിവരശേഖരണത്തിനായി കസ്റ്റഡിയിലെടുത്തത്. പക്ഷെ, ഇത് ഓയൂരില്‍ സിസിടിവിയില്‍ കണ്ട കാറല്ലെന്നാണ് നിഗമനം. കാറുടമയെയും മറ്റ് രണ്ടുപേരെയും വിട്ടയച്ചു.
രാത്രിയില്‍ വേളമാനൂരിലെ വീടുകളിലടക്കം പരിശോധന നടത്തി . വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. അപ്പൂപ്പന്‍പാറയിലെ ക്വാറിയിലും പരിശോധന നടത്തി . പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നു.
പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. തിരച്ചില്‍ തുടരുന്നു, എല്ലാ വശങ്ങളും പരിശോധിക്കും. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ആദ്യം ലഭിച്ച വാഹനനമ്പര്‍ വ്യാജമാണെന്നും രണ്ടാമത്തെ നമ്പര്‍ പരിശോധിക്കുന്നെന്നും ഐജി വിശദീകരിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതികള്‍ ഫോണ്‍ ചെയ്യാനെത്തിയ കടയിലെ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം.
കടയിലെത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പാരിപ്പള്ളിയിലെ കടയുടമ ജോയി പറഞ്ഞു. സ്ത്രീ മുഖംമറച്ചിരുന്നു, ഓട്ടോയില്‍ വന്നത് ഡ്രൈവറടക്കം മൂന്നുപേരാണ്. ഇവരെത്തിയ ഓട്ടോയോ ഡ്രൈവറെയോ മുന്‍പ് കണ്ടിട്ടില്ല.
പാരിപ്പള്ളിയില്‍ നിന്ന് പള്ളിക്കല്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്. ഫോണ്‍ വിളിക്കാനുള്ള സമയം കണക്കാക്കി സാധനങ്ങള്‍ വാങ്ങിയെന്നും ജോയി പറഞ്ഞു.
അരിച്ചു പെറുക്കി പൊലീസ്
സഹോദരനൊപ്പം ട്യൂഷനുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഇന്നലെ വൈകിട്ട് നാലരയ്ക്ക്.
വെള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം
വേളമാനൂരിലെ വീടിന്റെ സിസിടിവി ക്യാമറയില്‍ കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്
KL 04AF 3239 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ വീടിന് മുന്നിലൂടെ പോയത് വൈകിട്ട് 4.43ന്
തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഈ വീട്
തട്ടിക്കൊണ്ടു പോയതിനുശേഷം പ്രതികള്‍ കടന്നതിന്റെ ദൃശ്യമെന്ന് സൂചന
വേളമാനൂരില്‍നിന്ന് കല്ലുവാതുക്കലേക്ക് പോകുന്ന റോഡാണിത്
സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്
search for Abigail Sara still continues