പ്രതികളെക്കുറിച്ച് സൂചനകളില്ല; അബിഗേലിനെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു

Abigel-Sara-found
SHARE

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് സൂചനകളില്ല. കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത്  ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിക്കും . 20 മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും പരിശ്രമഫലമെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ടുകിട്ടിയപ്പോള്‍ കടുംനീലയിൽ പൂക്കളുള്ള ഫ്രോക്ക് ആണ് വേഷം. 

തട്ടിക്കൊണ്ടുപോയത് കൃത്യമായ ആസൂത്രണത്തോടെയെന്നു വ്യക്തം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറിന്റെ നമ്പർ ലഭിക്കാത്തതും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് തിരിച്ചടിയാകുന്നു. എങ്കിലും ചില തെളിവുകൾ ലഭിച്ചിട്ടുണന്ന് ഐ.ജി. സ്പർജൻ കുമാർ അറിയിച്ചു. ഡി.ജി.പിയും എ.ഡി. ജീപി യും ഉൾപ്പടുന്ന ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ മേൽനോട്ടം ഏറ്റെടുത്തു. 

ഇന്നലെ വൈകിട്ട് പെട്ടെന്ന് ആസൂത്രണം ചെയ്തതല്ല തട്ടിക്കൊണ്ടുപോകലെന്നു വ്യക്തം. കുട്ടികൾ ഒറ്റക്ക് വരുന്ന സമയവും വഴിയും ദിവസങ്ങളെടുത്ത് നിരീക്ഷിച്ചാണ് നടപ്പാക്കിയത്. തട്ടിക്കൊണ്ടുപോകലിനു ശേഷം രക്ഷപ്പെടാനുള്ള മാർഗവും പ്രതികൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് കാറിന് വ്യാജ നമ്പർ ഉപയോഗിച്ചത്. ആ നമ്പർ ഇതുവരെ സ്ഥിരീകരിക്കാനാവാത്തതാണ് പൊലീസ് നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി. 

abigel3

പാരിപ്പള്ളിയിലെ വ്യാപാരിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയാണ് പ്രതികൾ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഇതും അന്വേഷണം വഴി തെറ്റിക്കാനുള്ള ആസൂത്രിത തിരക്കഥയായിരുന്നിരിക്കാം. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ വഴി അവിടെ അടഞ്ഞു. പ്രതികൾ ആരും അവരുടെ മൊബൈൽ ഫോൺ ഇതുവരെ ഉപയോഗിക്കാത്തതിനാൽ സൈബർ തെളിവുകൾ കണ്ടെത്താൻ ആകാത്തത് പോലീസിന് രണ്ടാമത്തെ വെല്ലുവിളിയും ആകുന്നു.  

പാരിപ്പള്ളിയിലെ കടയിലേക്ക് ഫോൺ വിളിക്കാനായി എത്തിയ പ്രതികൾ അവരുടെ തന്നെ കൈവശമുള്ള ഓട്ടോറിക്ഷയാണ് ഉപയോഗിച്ചത്. ടാക്സി ഓട്ടോ വിളിക്കാത്തത് കൊണ്ട് ഓട്ടോക്കാരനെ കണ്ടെത്തി പ്രതികളിലേക്ക് എത്താനുള്ള പോലീസിന്റെ വഴിയും ഇല്ലാതായി. 

Missing 6-year-old girl abducted from Kollam found by police

MORE IN BREAKING NEWS
SHOW MORE