
കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎമ്മിനെ കുരുക്കിലാക്കി കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍റെ മൊഴി. കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരുമായി അടുത്ത ബന്ധമെന്നാണ് മൊഴി. എ.സി. മൊയ്തീന്‍, പി.കെ. ബിജു എന്നിവര്‍ സതീഷ്കുമാറില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്‍ ഇഡിക്ക് മൊഴി നല്‍കി.
സിപിഎമ്മിന്‍റെ ഉന്നത നേതാക്കളെ ഇഡിയുടെ അന്വേഷണ പരിധിയിലേക്ക് എത്തിക്കുന്നതാണ് അരവിന്ദാക്ഷന്‍റെ മൊഴി. കേസിലെ മുഖ്യപ്രതിയും കൊള്ളപലിശക്കാരനുമായ പി. സതീഷ്കുമാറുമായി സിപിഎം നേതാക്കളുടെ ബന്ധമാണ് അരവിന്ദാക്ഷന്‍ ഇഡി ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. ഇ.പി. ജയരാജനുമായി സതീഷ്കുമാറിന് അടുത്ത ബന്ധമെന്ന് അരവിന്ദാക്ഷന്‍റെ മൊഴിയില്‍ പറയുന്നു. 2016 തിരുവനന്തപുരത്തും 2020ല്‍ കണ്ണൂരിലും സതീഷ്കുമാറിനൊപ്പം ജയരാജനെ കണ്ടിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായിരുന്ന മന്ത്രി കെ. രാധാകൃഷ്ണനുമായും സതീഷ്കുമാറിന് അടുപ്പമുണ്ടെന്നും അരവിന്ദാക്ഷന്‍ മൊഴി നല്‍കി. സതീഷ്കുമാറിനെ അറിയാമെന്നായിരുന്നു ഇ.പി. ജയരാജന്‍റെ പ്രതികരണം.
സിപിഎം നേതാക്കളുമായി സതീഷ്കുമാര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും അരവിന്ദാക്ഷന്‍ ഇഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. 2016ലെ തിരഞ്ഞെടുപ്പ് സമയത്ത് എ.സി. മൊയ്തീന്‍ രണ്ട് ലക്ഷം കൈപ്പറ്റി. 2021ലും 2023ല്‍ തൃശൂരില്‍ നടന്ന അഖിലേന്ത്യ കിസാന്‍ സഭയുടെ സമ്മേളനത്തിനടയിലും എ.സി. മൊയ്തീന് സംഭാവന നല്‍കിയതായി സതീഷ്കുമാര്‍ പറഞ്ഞ് അറിയാമെന്നും മൊഴിയുണ്ട്. മുന്‍ എംപി പി.കെ. ബിജു 2020ല്‍ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്‍ ഇഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. സതീഷ്കുമാറിന്‍റെ സഹോദരന്‍റെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നാണ് മൊഴി. മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സതീഷ്കുമാറുമായുള്ള ബന്ധവും അരവിന്ദാക്ഷന്‍ ഇഡിയോട് വിശദീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഉന്നത സിപിഎം നേതാക്കളെ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം.
Karuvannur: The main accused has a close relationship with EP