ഒാടുന്ന വണ്ടിക്കു മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ല: മുഖ്യമന്ത്രി

cm-youthcongress
SHARE

പഴയങ്ങാടിയിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ  ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  ന‌വകേരളബസിനു മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് ഡിവൈഎഫ്ഐക്കാര്‍ ശ്രമിച്ചതെന്നും ‌മാതൃകാപരമായ ഈ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവമാണ്  ജീവന്‍രക്ഷാപ്രവര്‍ത്തനമെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഡി വൈ എഫ് ഐയുടെ ജീവൻ രക്ഷാ മാർഗ്ഗം. ഈ ജീവൻ രക്ഷാമാർഗം  തുടരണമെന്നുള്ള ആഗ്രഹവും അദ്ദേഹം പങ്കു വച്ചു. 

എന്നാൽ  ആത്മനിയന്ത്രണത്തോടെ കാര്യങ്ങൾ  കൈകാര്യം ചെയ്യുമെന്നാണ് സി പി എം  സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. കോണ്‍ഗ്രസ് പ്ലാന്‍ചെയ്ത പരിപാടിയില്‍ ആരും വീഴരുതെന്നും കരിങ്കൊടി പ്രതിഷേധവുമായി വന്നത് ആത്മഹത്യാ സ്ക്വാഡെന്നും  അപലപിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ  കരിങ്കൊടി പ്രതിഷേധം ഭീകരാക്രമണമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നിലപാട്. കരിങ്കൊടി പ്രതിഷേധക്കാരെ തടഞ്ഞില്ലായിരുന്നെങ്കില്‍ ബസില്‍ കയറി ആക്രമിച്ചേനെയെന്ന്  മന്ത്രി എം ബി രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പറഞ്ഞ കണ്ണൂർ  ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്  അങ്ങനെയായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട് നിന്നു പഴയങ്ങാടി വരെ എത്തില്ലായിരുന്നുവെന്നു വ്യക്തമാക്കി. ഇന്നലെയുണ്ടായത് കെ എസ് യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിനെതിരെയുള്ള പ്രതിഷേധം, മുഖ്യമന്ത്രിയെ 11 ഇടത്ത് തടഞ്ഞ ചരിത്രം ഉണ്ടെന്നും കണ്ണൂർ  ഡി സി സി കൂട്ടിച്ചേര്‍ത്തു. 

CM against youth congress protest

MORE IN BREAKING NEWS
SHOW MORE