തെളിവില്ല; അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്

Sybi-Report
SHARE

ജഡ്ജിമാർക്ക് എന്ന പേരിൽ അഭിഭാഷകൻ കൈക്കൂലി വാങ്ങി എന്ന കേസിലെ ആരോപണങ്ങൾ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമെന്ന് അന്വേഷണ റിപ്പോർട്ട്. പരാതിക്കാരന് അഡ്വ. സൈബി ജോസ് കിടങ്ങൂരുമായുള്ള അകൽച്ചയാണ് ആരോപണത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ടാണ് പ്രത്യേക അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ അഭിഭാഷകന് സൈബി ജോസുമായ സ്വരച്ചേർച്ച ഇല്ലായ്മയാണ് ആരോപണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലെ സുപ്രധാന കണ്ടെത്തൽ. ഇരുവരും താമസിച്ചിരുന്ന റസിഡൻസ് അസോസിയേഷനിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിഷയമാണ് അകൽച്ചക്ക് കാരണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും സൈബിക്കെതിരെ ഒന്നാം സാക്ഷി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റുകളും നിർണായകമായി. കേസുമായി ബന്ധപ്പെട്ട് 194 പേരുടെ മൊഴികൾ രേഖപ്പെടുത്തി. പ്രധാന സാക്ഷി മൊഴികളിൽ പൊരുത്തക്കേടുണ്ട്. സൈബി ജോസിന്റെ കക്ഷികൾ ആരും കോഴ നൽകാൻ പണം നൽകിയതായി മൊഴി നൽകിയില്ല. സൈബിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. 

തെളിവുകൾ ഇനി ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ തുടർനടപടികൾ അവസാനിപ്പിക്കാം എന്നാണ് അന്തിമ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. റിപ്പോർട്ടിൽ മേൽ രണ്ടുമാസത്തിനകം മൂവാറ്റുപുഴ വിജിലൻസ് കോടതി തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് സൈബിക്ക് നൽകാനും നിർദ്ദേശമുണ്ട്. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനാൽ തുടർനടപടികൾ അവസാനിച്ചെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രോസിക്യൂഷൻ വാദം രേഖപ്പെടുത്തിയ ഹൈക്കോടതി, എഫ്ഐആര്‍ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. 

MORE IN BREAKING NEWS
SHOW MORE