സമസ്ത – ലീഗ് തര്‍ക്കപരിഹാരത്തിന് നേതൃത്വം; ഒന്നിച്ചിരുന്ന് പരിഹാരം കണ്ടെത്താന്‍ നീക്കം

മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും മലപ്പുറത്ത് നടന്ന ചടങ്ങിൽ

പരസ്പരമുളള പോര് അതിരു കടന്നതോടെ അടിയന്തിരമായി തര്‍ക്കം പരിഹരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാതെ മുസ്‌ലീം ലീഗ് സമസ്ത നേതൃത്വങ്ങള്‍. ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ അടുത്ത ദിവസം ഒന്നിച്ചിരുന്ന് പരിഹാര ഫോര്‍മുലയുണ്ടാക്കാനാണ് നീക്കം. തട്ടം വിവാദം വഴിപിരിഞ്ഞ് ലീഗ് സമസ്ത യുദ്ധമായി മാറിയതോടെ തട്ടം വിവാദത്തിന്‍റെ യഥാര്‍ഥ ഗുണഭോക്താവ് സിപിഎമ്മായി.  

ഇരുവിഭാഗങ്ങള്‍ തമ്മിലുളള അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ മുന്‍പുണ്ടാക്കിയ ഫോര്‍മുലകളെല്ലാം പൊളിക്കുന്നത് രണ്ടു ഭാഗത്തേയും ഏതാനും നേതാക്കളാണന്ന വികാരം സമസ്ത, ലീഗ് നേതൃത്വങ്ങള്‍ക്കുണ്ട്. മുസ്‌ലീം ലീഗിന്‍റെ ഭാഗമായി തന്നെ കാണുന്ന സമസ്തയെ പ്രകോപിപ്പിക്കാതിരിക്കാന്‍ ലീഗിന്‍റെ ഭൂരിഭാഗം നേതാക്കളും ശ്രമിക്കാറുണ്ട്. സമസ്തയുടെ അനിഷ്ടം ഏറ്റുവാങ്ങിയാല്‍ പിന്നെ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാകുമ്പോള്‍ പോലും വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ലീഗ് നേതാക്കളെല്ലാം തിരിച്ചറിയുന്നതാണ് കാരണം. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി അടുത്ത വ്യക്തി ബന്ധമുളള മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ജിഫ്രി തങ്ങളെക്കുറിച്ച നടത്തിയ പരാമര്‍ശം സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ വൈകാരികമായി ഏറ്റെടുത്തതോടെയാണ് തര്‍ക്കം രൂക്ഷമായത്. 

മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പിഎംഎ സലാമിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും മുസ്‌ലീം ലീഗ് സംസ്ഥാന  ജനറല്‍ സെക്രട്ടറി സമസ്ത നേതാക്കളെ തുടര്‍ച്ചയായി ആക്രമിച്ചത് ലീഗിനെ കൂടുതല്‍  പ്രതിരോധത്തിലാക്കി. സമസ്തയിലെ രണ്ടാംനിര നേതാക്കള്‍ തരംകിട്ടുബോഴൊക്കെ ലീഗിനെ ആക്ഷേപിക്കുന്നുവെന്ന വികാരം പാര്‍ട്ടിക്കുളളിലുമുണ്ട്. യുഡിഎഫിന് പ്രത്യേകിച്ച് മുസ്‌ലീം ലീഗിന് രാഷ്ട്രീയ നേട്ടത്തിനൊപ്പം സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുളള വടിയുമായിരുന്നു തട്ടംവിവാദം. തട്ടം ചര്‍ച്ചയാക്കാന്‍ പിഎംഎ സലാം നടത്തിയ വാര്‍ത്താസമ്മേളനമാണ് ഒടുവില്‍ മുസ്‌ലീം ലീഗും സമസ്തയുമായുളള തര്‍ക്കമായി വഴിമാറിയത്. പരസ്യമായ പോര്‍വിളികള്‍ ഒഴിവാക്കാനും എത്രയും വേഗം പരിഹാരിക്കുന്നതിനും വേണ്ടിയാണ് ഒടുവില്‍ പികെ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങിയത്. 

Meeting to settle dispute between Samasta and League