k-Radhakrishnan

ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. പൂജാരിമാർ വിളക്ക് കത്തിച്ചശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ഞാൻ തരുന്ന പണത്തിന് അയിത്തം ഇല്ലല്ലോയെന്നും എനിക്ക് മാത്രമാണല്ലോ അയിത്തമെന്നും കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി നടത്തിയ പരിപാടിയിൽ മന്ത്രി ചോദിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മന്ത്രി കെ.രാധാകൃഷ്ണൻ ജാതി വിവേചനം നേരിട്ടുവെന്ന് പറഞ്ഞ ക്ഷേത്രം കണ്ണൂരിലാണ്. കഴിഞ്ഞ ജനുവരി 26 നു കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവ ക്ഷേത്രത്തിലെ നടപന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വിവേചനം നേരിട്ടത്. നടപന്തൽ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വിളക്കിൽ കൊളുത്തേണ്ട ദീപം മന്ത്രിയുടെ കൈയ്യിൽ കൊടുക്കാതെ പൂജാരി നിലത്തു വയ്ക്കുന്ന ദൃശ്യം പുറത്തുവന്നു. നിലത്തുവച്ച ദീപം എടുത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബീന മന്ത്രിക്ക് നൽകാൻ ശ്രമിച്ചുവെങ്കിലും മന്ത്രിയും, സ്ഥലം എംഎല്‍എ ടി. ഐ മധുസൂദനനും ദീപം തെളിക്കാതെ മാറിനിന്നു. മറ്റുള്ളവർ ദീപം കൊളുത്തിയതിന് ശേഷം മന്ത്രി നടപ്പന്തൽ ഉദ്ഘാടന ഫലകത്തിന്റെ അടുത്തെത്തി ഉദ്ഘാടനം നിർവഹിച്ചു. അതൃപ്തി അവിടെ വച്ച് തന്നെ മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.