‘വവ്വാല്‍ സര്‍വേ’ കാര്യക്ഷമമായി നടത്തിയില്ല; നിപ പ്രതിരോധത്തില്‍ വന്‍ പാളിച്ച

നിപ കേസുകള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പ്രതിരോധത്തില്‍ പാളി സംസ്ഥാനം. കൃത്യമായ ഇടവേളകളിൽ വവ്വാൽ സർവെയ്‌ലൻസ് സർവേ നടത്തണമെന്ന നിര്‍ദേശം അവഗണിക്കപ്പെട്ടു. രോഗത്തെ പ്രതിരോധിക്കാന്‍  മൂലകാരണം കണ്ടെത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ കേസുകള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് പകര്‍ന്നതെന്നാണ് അനുമാനം. 2018 ല്‍ ആദ്യമായി കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിൽ ഉണ്ടായ നിപ ബാധ വവ്വാലില്‍ നിന്നു തന്നെയെന്ന് ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു.  2018ൽ നിപ ബാധിച്ച 4 പേരിൽ നിന്നും സൂപ്പിക്കടയിൽ നിന്നു പിടികൂടിയ 3 വവ്വാലുകളിൽ നിന്നും ശേഖരിച്ച സാംപിളുകളിലെ സാമ്യമാണ്  നിഗമനത്തിന് ആധാരം.  ഈ പ്രദേശത്തു നിന്ന് ഐസിഎംആർ സംഘം പിടിച്ച 52 പഴംതീനി വവ്വാലുകളിൽ 10 എണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി.  2021ല്‍  ചാത്തമംഗലത്തു നിപ ബാധിച്ചു കുട്ടി മരിച്ച സംഭവത്തിൽ വൈറസ് എത്തിയത് വവ്വാലുകളിൽ നിന്നു തന്നെയാണെന്നും നിഗമനത്തിലെത്തിയിരുന്നു. 

ഇതേത്തുടര്‍ന്ന് മലബാർ മേഖലയിൽ വവ്വാലുകളെ നിരീക്ഷണ വിധേയമാക്കി നിപ സാഹചര്യം വിലയിരുത്തണമെന്ന സംസ്ഥാന ആനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി അധികൃതരുടെ നിര്‍ദേശവും നടപ്പായില്ല. വീണ്ടും നിപ ആശങ്കയുയരുമ്പോള്‍ കൃത്യമായ നിരീക്ഷണ സംവിധാനം വേണമെന്ന ആവശ്യമാണുയരുന്നത്. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുളള കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു 

അസുഖം വന്നതിനു ശേഷം ചികിത്സ ഉറപ്പാക്കുക എന്നതിനേക്കാൾ  രോഗ ഉറവിടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഹെൽത്ത് പ്രൊട്ടക്‌ഷൻ ഏജൻസി എന്ന പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും ആവശ്യമുയരുന്നു. 

Kerala hasn't conduct proper bat surveillance survey