മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതിന് കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി സൗണ്ട് അസോസിയേഷന്. ശബ്ദം കുറച്ച് സംസാരിക്കുമ്പോള്‍ ഹൗളിങ് ഉണ്ടാകാമെന്നു തിരുവന്തപുരം സൗണ്ട് അസോസിയേഷന് ജനറല്‍ സെക്രട്ടറി. പി.രാജന് മനോരമ ന്യൂസിനോടു പറഞ്ഞു. സാങ്കേതിക പ്രശ്നമാണ് ഉണ്ടായതെങ്കില്‍ കേസ് എടുക്കാന്‍ പാടില്ല. കേസ് പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും രാജന് മനോരമ ന്യൂസിനോടു പറഞ്ഞു.
മൈക്ക് ഹൗളിങ്ങിന്റെ പേരിലെ കേസ് ഞെട്ടലുണ്ടാക്കിയെന്ന് എസ്.വി.സൗണ്ട്സ് ഉടമ രഞ്ജിത് പ്രതികരിച്ചു. തിരക്കിനിടെ ബാഗ് കണ്‍സോളില്‍ തട്ടിയതിനെത്തുടര്‍ന്നാണ് പ്രശ്നമുണ്ടായത്. പത്തു സെക്കന്‍ഡില്‍ പ്രശ്നം പരിഹരിച്ചെന്നും രഞ്ജിത് മനോരമ ന്യൂസിനോട് പറഞ്ഞു. ഉപകരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച അയ്യങ്കാളി ഹാളിൽ കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മൈക്ക് തകരാറിലായി പ്രസംഗം തടസപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. തകരാറിന്റെ കാരണം കണ്ടെത്താനാണ് കേസെന്നാണ് വിചിത്ര നടപടിക്ക് പൊലീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതില്‍ മൈക്ക് സെറ്റ് വിദഗ്ധപരിശോധനക്ക് അയയ്ക്കും. ഹൗളിങ് എങ്ങിനെയുണ്ടായെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം
'Mike interference during CM speech not deliberate, resolved in 10 seconds,' says operator