കാട്ടാനയെ കുഴിച്ചിട്ട കേസ്; സ്ഥലമുടമയെ തേടി വനം ഉദ്യോഗസ്ഥര്‍ ഗോവയില്‍

കാട്ടാനയുടെ ജഡം മറവ് ചെയ്ത തോട്ടം

തൃശൂർ മുള്ളൂർക്കരയിൽ കൊമ്പുമുറിച്ചുമാറ്റി കാട്ടാനയെ കുഴിച്ചു മൂടിയ സംഭവത്തിൽ സ്ഥലമുടമ റോയിയെ തേടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോവയില്‍. റോയ് ഗോവയിലേക്ക് കടന്നതായി വനം വകുപ്പിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ആനയെ കുഴിച്ചുമൂടാന്‍ സഹായിച്ചവര്‍ അടക്കം നാലുസഹായികളും ഒളിവിലാണ്. കഴിഞ്ഞമാസം  14നാണ് പന്നിക്കെണിയില്‍ പെട്ട് ആന ചരിഞ്ഞതെന്നാണ് വനംവകുപ്പ് നിഗമനം. കൊമ്പിന്റെ ഡി.എന്‍.എ പരിശോധന ഇന്ന് നടത്തും. 

അതേസമയം, ചരിഞ്ഞ കാട്ടാനയെ കുഴിച്ചിട്ട കേസിലെ പ്രതിയായ അഖില്‍ മുള്ളൂര്‍ക്കരയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പാലായിലെ സുഹൃത്തുക്കളെയാണ് സ്ഥലമുടമ ആനയുടെ ജഡം മറവ് ചെയ്യുന്നതിനായി വിളിച്ചത്. എന്നാല്‍ അവരെത്തുന്നതിന് മുന്‍പ് അഖില്‍ പകുതി കൊമ്പ് മുറിക്കുകയായിരുന്നു. റോയ് അറിയാതെയാണ് കൊമ്പ് മുറിച്ചതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. മുറിച്ചെടുത്ത കൊമ്പ് തോട്ടത്തില്‍ ഒളിപ്പിച്ചശേഷം പിന്നീട് കടത്തുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

Search for Roy in Mullurkkara wild elephant murder