ലോക ടെസ്റ്റ് ചാംപ്യൻഷിപ്: ഇന്ത്യയ്ക്ക് വമ്പൻ വിജയ ലക്ഷ്യമുയർത്തി ഓസ്ട്രേലിയ

Britain Cricket India Australia
Australia's Mitchell Starc hits 4 runs on the fourth day of the ICC World Test Championship Final between India and Australia at The Oval cricket ground in London, Saturday, June 10, 2023. (AP Photo/Kirsty Wigglesworth)
SHARE

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയ്ക്ക് 444 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 270 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരി ഓസ്ട്രേലിയയ്ക്കായി അർധ സെഞ്ചറി നേടി. 105പന്തുകൾ നേരിട്ട അലക്സ് കാരി 66 റൺസെടുത്തു പുറത്താകാതെ നിന്നു. നാലാം ദിനം ഓസ്ട്രേലിയയ്ക്കായി വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും (57 പന്തിൽ 41) തിളങ്ങി.

നാലാം ദിവസം രണ്ടാം ഇന്നിങ്സിൽ 4ന് 123 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ 147 റൺസാണ് ഇന്നു കൂട്ടിച്ചേർത്തത്. ശനിയാഴ്ച മൂന്നാം ഓവറിൽ തന്നെ മാർനസ് ലബുഷെയ്ന്റെ (126 പന്തിൽ 41) വിക്കറ്റ് ഓസീസിനു നഷ്ടമായി. ഉമേഷ് യാദവിന്റെ പന്തിൽ ചേതേശ്വർ പൂജാര ക്യാച്ചെടുത്താണ് ലബുഷെയ്നെ പുറത്താക്കിയത്.പിന്നീട് കാമറൂൺ ഗ്രീൻ– അലക്സ് കാരി സഖ്യം ഓസീസ് ഇന്നിങ്സിനെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ രവീന്ദ്ര ജ‍‍‍‍‍ഡേജയാണ് ഗ്രീനിനു ഡ്രസിങ് റൂമിലേക്ക് ‘റെഡ്’ സിഗ്നൽ കാണിച്ചത്. ആറാം വിക്കറ്റിൽ ഗ്രീൻ–കാരി സഖ്യം 43 റൺസ് കൂട്ടിച്ചേർത്തു. ഗ്രീൻ പുറത്തായതിനു പിന്നാലെ സ്റ്റാർക്ക് കൂട്ടിന് എത്തിയതോടെയാണ് അലക്സ് കാരി ഇന്നിങ്സിന്റെ നിയന്ത്രണമേറ്റെടുത്തത്.സ്റ്റാർക്കും ബൗണ്ടറികൾ കണ്ടെത്തിയതോടെ ഓസ്ട്രേലിയയുടെ ലീഡ് 400 ഉം കടന്നു മുന്നേറി. സ്റ്റാർക്കിനെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ച് പന്തിൽ അഞ്ച് റൺസെടുത്തു പുറത്തായി. ഇതോടെ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 4ന് 123 എന്ന നിലയിലായിരുന്നു ഓസീസ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറെയും (1) ഉസ്മാൻ ഖവാജയെയും (13) തുടക്കത്തിലേ നഷ്ടമായി. വാർണറെ മുഹമ്മദ് സിറാജും ഖവാജയെ ഉമേഷ് യാദവുമാണ് പുറത്താക്കിയത്. 2ന് 24 എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ കൂടുതൽ പരുക്കുകളില്ലാതെ മൂന്നാം ദിനം അവസാനിപ്പിക്കാൻ സഹായിച്ചത് മൂന്നാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത്– ലബുഷെയ്ൻ കൂട്ടുകെട്ടാണ്.ഒന്നാം ഇന്നിങ്സിൽ കൂട്ടത്തകർച്ചയിലേക്കു വീണ ഇന്ത്യൻ ബാറ്റിങ്ങിനെ താങ്ങിനിർത്തിയത് രഹാനെയുടെ ചെറുത്തുനിൽപാണ്. 5ന് 151 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്ക്കു തുടക്കത്തിൽ തന്നെ കെ.എസ്.ഭരത്തിനെ (5) നഷ്ടമായി. 

പിന്നാലെയെത്തിയ ഷാർദൂൽ ഠാക്കൂറിനൊപ്പം രഹാനെ രക്ഷാപ്രവർത്തനം തുടർന്നു. ഏഴാം വിക്കറ്റിൽ രഹാനെ (89)– ഷാർദൂൽ (51) സഖ്യം പടുത്തുയർത്തിയ 109 റൺസ് കൂട്ടുകെട്ടാണ് ഫോളോ ഓൺ നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്. 296 റൺസിന് പുറത്തായ ഇന്ത്യ 173 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി.ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ അർധ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരം, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്നീ നേട്ടങ്ങളും ഇന്നലെ രഹാനെ സ്വന്തമാക്കി. ഓവലിൽ തുടർച്ചയായി മൂന്നാം തവണയാണ് ഷാർദൂൽ ഠാക്കൂർ അർധ സെഞ്ചറി നേടുന്നത്. 2021ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സിലും (57,60) ഷാർദൂൽ അർധ സെഞ്ചറി നേടിയിരുന്നു. ഹാട്രിക് അർധ സെഞ്ചറിയോടെ ഓവലിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി ഷാർദൂൽ മാറി.

WTC Final 2023: India 41/1 at Tea on Day 4 in 444 chase

MORE IN BREAKING NEWS
SHOW MORE