ലോകകേരളസഭ വിവാദമാക്കാന്‍ ശ്രമം; നട്ടാല്‍പൊടിക്കാത്ത നുണ പ്രചരണം: മുഖ്യമന്ത്രി

ലോകകേരളസഭാ മേഖലാ സമ്മേളനത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ ഉദ്ഘാടന വേദിയില്‍ രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണപ്പിരിവെന്ന ആക്ഷേപത്തിന് തന്റെ ചുറ്റും ഇരിക്കുന്നവര്‍ എത്ര ലക്ഷം അതിനായി ചെലവാക്കിയെന്ന് അറിയില്ലെന്ന് പരിഹാസരൂപേണ മുഖ്യമന്ത്രി മറുപടി നല്‍കി. മുന്‍ സമ്മേളനങ്ങളിലെ നിര്‍ദേശപ്രകാരം പ്രവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതികളും മുഖ്യമന്ത്രി വിശദീകരിച്ചു.   

ലോകകേരളസഭ മേഖലാ സമ്മേളനം ന്യൂയോര്‍ക്കിലേക്കത്തിയപ്പോള്‍ വിവദമാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നട്ടാല്‍പൊടിക്കാത്ത നുണപ്രചരിപ്പിക്കാനാണ് ശ്രമമുണ്ടായത്. സമ്മേളനത്തില്‍ ഒരു തരത്തിലുള്ള ധൂര്‍ത്തുമില്ല, സമ്മേളനം നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്, നടപടികള്‍ എല്ലാം സുതാര്യമാണ്. സമ്മേളനവേദിയില്‍ എന്തു സ്വജനപക്ഷപാതമായാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യുവകുപ്പുമായി ബന്ധപ്പെട്ട പരാതിപരിഹാരത്തിന് പ്രവാസിമിത്രം പോര്‍ട്ടല്‍ തയാറാക്കി. പ്രവാസികളുടെ വിവരശേഖരണത്തിന് ഡിജിറ്റല്‍ ഡേറ്റ പോര്‍ട്ടല്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിവിധ സെഷനുകളിലെ ചര്‍ച്ചകള്‍ക്കുശേഷം പുലര്‍ച്ചെ ഒന്നരയോടെ മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും.