മണിപ്പൂരില്‍ 40 'തീവ്രവാദികളെ' വധിച്ചെന്ന് മുഖ്യമന്ത്രി; അമിത് ഷാ ഇന്നെത്തും

amitshahmanipur-29
SHARE

മണിപ്പുരില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെ സുരക്ഷാ അവലോകനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൈകീട്ട് ഇംഫാലിലെത്തും. അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. സൈന്യവും അസം റൈഫിള്‍സും സംഘര്‍ഷമേഖലകളില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ നാളെ രാഷ്ട്രപതിയെ നേരില്‍കണ്ട് ആശങ്ക അറിയിക്കും. 

ഒരു മാസത്തോളമായി അശാന്തി തുടരുന്ന മണിപ്പുരില്‍ ഒടുവിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. സുഗ്ണുവിലും സെറോയിലുമാണ് പുതിയതായി സംഘര്‍ഷമുണ്ടായത്. നാല് ജില്ലകളില്‍ സ്ഥിതി ഏറെ വഷളാണ്. വിവിധ ഇടങ്ങളില്‍ െവടിവയ്പ് തുടരുകയാണ്. ആയുധധാരികളായ കുക്കികളും സുരക്ഷാസേനയും തമ്മിലാണ് പുതിയ ഏറ്റുമുട്ടല്‍. ഈ മാസം 31വരെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്ന് ദിവസം മണിപ്പുരിലുണ്ടാകും. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ ചര്‍ച്ച നടത്തും. സംഘര്‍ഷമേഖകള്‍ സന്ദര്‍ശിക്കുന്നത് പരിഗണനയിലുണ്ട്. ഭീകരപ്രവര്‍ത്തകരായ 40 പേരെ വധിച്ചതായി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞു. എന്നാല്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നിന്നവരെ പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് കുക്കി ഗോത്രസംഘടനകള്‍ ആരോപിച്ചു. മുഖ്യമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തു. ഇംഫാലിലെത്തിയ കരസേന മേധാവി മനോജ് പാണ്ഡെയുമായി മുഖ്യമന്ത്രി അക്രമികള്‍ക്കായുള്ള തിരച്ചില്‍ നടപടി ചര്‍ച്ച നടത്തി. 38 ഇടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. ബിജെപി എംഎല്‍എ രഘുമണി സിങ്ങിന്‍റെ വീട് അക്രമികള്‍ തകര്‍ത്തു. രാഷ്ട്രീയനേതാക്കള്‍ക്കുനേരെ ഒരാഴ്ച്ചയ്ക്കിടെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ്.  

40 'terrorists' killed, says CM Biren Singh; Amit Shah to visit Manipur today

MORE IN BREAKING NEWS
SHOW MORE