വായ്പ വെട്ടി കേന്ദ്രം; സംസ്ഥാനം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

kerala-government-1
SHARE

സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വായ്പാ പരിധി വന്‍തോതില്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഈ സാമ്പത്തികവര്‍ഷം 15390 കോടി രൂപ മാത്രമേ വായ്പയെടുക്കാന്‍ അനുമതിയുള്ളു. കേരളത്തിന് വായ്പയെടുക്കാന്‍ അവകാശമുള്ളതിന്‍റെ പകുതി തുക മാത്രമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതില്‍ നിന്ന് 8000 കോടിയോളം രൂപയുടെ കുറവ്. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും നിയമമാര്‍ഗമടക്കം സ്വീകരിക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. 32000 കോടിയെങ്കിലും വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും എന്ന് പ്രതീക്ഷിച്ചിരുന്നയിടത്ത് കിട്ടിയത് വെറും 15390 കോടി. ഇതിനകമെടുത്ത 2000 കോടി കുറച്ചാല്‍ ഇനി അവശേഷിക്കുന്നത് 13390 കോടി മാത്രം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23000 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ പകുതി മാത്രമാണ് ഇത്തവണ കിട്ടിയത്. ഇത്രയും കനത്ത രീതിയില്‍ വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള കാരണവും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. സാധാരണ ഒമ്പതുമാസത്തെ വായ്പക്കാണ് അനുമതി നല്‍കുന്നതെങ്കില്‍ ഇത്തവണ ഒരു സാമ്പത്തികവര്‍ഷത്തേക്ക് എടുക്കാവുന്ന വായ്പയാണ് നിശ്ചയിച്ചിരിക്കുന്നത്.

കിഫ്ബി, ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ രൂപീകരിച്ച കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെടുക്കുന്ന വായ്പ കേരളത്തിന്‍റെ വായ്പയായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ അതിലേറെ തുക വായ്പാ പരിധിയില്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് ധനവകുപ്പ് അനുമാനിക്കുന്നത്. ജി.എസ്.ടി പിരിവിലുണ്ടായ വര്‍ധനയും ബജറ്റില്‍ നികുതി കൂട്ടിയതു വഴികിട്ടുന്ന അധികവരുമാനവും ചേര്‍ത്ത് ഈ സാമ്പത്തികവര്‍ഷം കുഴപ്പമില്ലാതെ കടന്നുപോകും എന്ന് കരുതിയിരിക്കെയാണ് ധനവകുപ്പിനെ ഞെട്ടിച്ച് കേന്ദ്രത്തിന്‍റെ നടപടി. മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ ഇപ്പോള്‍ തന്നെ കുടിശികയാണ്. വായ്പാപരിധി കുറച്ചതോടെ ചെലവുചുരുക്കലിനപ്പുറം ക്ഷേമപദ്ധതികള്‍ പോലും മുടങ്ങുന്നതിലേക്ക് സ്ഥിതി മാറാനിടയുണ്ട്.

Kerala government financial crisis

MORE IN BREAKING NEWS
SHOW MORE