
ചിന്നക്കനാല്‍ ദിശയില്‍ അരിക്കൊമ്പന്‍റെ സഞ്ചാരം. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ തമിഴ്നാട് വനാതിര്‍ത്തി കടന്ന കൊമ്പന്‍ ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിന് സമീപത്തെ വനത്തിലെത്തിയതായി വനംവകുപ്പ് അറിയിച്ചു. ഈ ദിശ തുടര്‍ന്നാല്‍ കാടിനുള്ളിലൂടെ അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് എത്താനാകും. ഇന്നലെ രാത്രി കുമളിയിലെ റോസാപൂക്കണ്ടത്ത് ജനവാസ മേഖലയോട് നൂറ് മീറ്ററില്‍ താഴെയുള്ള അകലത്തില്‍ എത്തിയ കൊമ്പനെ ആകാശത്തേക്ക് വെടിപൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചുവിട്ടപ്പോള്‍ ഇത്ര നാടകീയത ആരും പ്രതീക്ഷിച്ചതല്ല.
തേക്കടി വനമേഖയില്‍ ആദ്യം നിലയുറപ്പിച്ച കൊമ്പന്‍ പിന്നീട് തമിഴ്നാട് അതിര്‍ത്തികടന്ന് കുമളിയ്ക്ക് താഴെയുള്ള ലോവര്‍ ക്യാമ്പിലെത്തി. പിന്നെ കൊട്ടാരക്കര–ഡിണ്ടിഗല്‍ ദേശീയപാത മുറിച്ചുകടന്ന് പെരിയാര്‍ പവര്‍ ഹൗസിന് സമീപത്തെ കാട്ടിലേക്ക് കയറി. കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കൊമ്പന്‍റെ സ്ഥാനം.. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകളിലൂടെയാണ് പുതിയ സഞ്ചാര പാത കണ്ടെത്തിയത്. പ്രതീക്ഷിക്കാത്ത വഴികളിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ വനംവകുപ്പ് ജാഗ്രതയിലാണ്.. കേരളത്തിന് പുറമേ തമിഴ്നാട് വനംവകുപ്പും നിരീക്ഷണം തുടങ്ങി. ഇരു സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുമുണ്ട്.
നിലവിലെ ലൊക്കേഷനില്‍ നിന്ന് തമിഴ്നാട് വനത്തിലൂടെ തന്നെ സഞ്ചരിച്ചാല്‍ അരിക്കൊമ്പന് ചിന്നക്കനാലില്‍ എത്താനാകും.. കമ്പംമെട്ട് മലനിരകള്‍ താണ്ടിയാല്‍ രാമക്കല്‍മേടെത്തും.. ഇവിടെ നിന്ന് അരിക്കൊമ്പന് സുപരിചിതമായ മതികെട്ടാന്‍ചോല വനത്തിലേക്ക് കടക്കാം.. മതികെട്ടാന്‍ മലനിരയോട് ചേര്‍ന്നാണ് ചിന്നക്കനാലും ശാന്തന്‍പാറയും.. അതിനാല്‍ കൊമ്പന്‍ ഇനി ഏത് ദിശയിലേക്ക് സഞ്ചരിക്കുമെന്നത് ഏറെ നിര്‍ണായകം. ചിന്നക്കനാല്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ ശ്രമിച്ചാല്‍ പിന്തിരിപ്പിക്കാന്‍ വനംവകുപ്പ് ശ്രമിക്കുമെന്ന് ഉറപ്പ്.. ചിന്നക്കനാലില്‍ നിന്ന് പിടികൂടുമ്പോള്‍ കണ്ടപോലെയുള്ള നാടകീയതയാണ് ഇപ്പോഴും അരിക്കൊമ്പന്‍ പുറത്തെടുക്കുന്നത്.