താനൂര്‍ ബോട്ട് അപകടം; 21 മരണം ; മരിച്ചവരില്‍ 5 കുട്ടികളും

tanur-boat-accident-44
SHARE

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി. 5 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. നാലുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍. മരിച്ചവര്‍ – ഹസ്ന (18), സഫ്ന (07), ഫാത്തിമ മിന്‍ഹ (12), സിദ്ദിഖ് (35), ജലസിയ ജാബിര്‍ (40)  അഫ്‌ലാഹ് (07), ഫൈസാന്‍ (03) അന്‍ഷിദ്, റസീന കുന്നുമ്മല്‍ .  ബോട്ടിൽ മുപ്പതിലേറെ പേരുണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി.  ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാർ പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്‌ക്കടുപ്പിച്ചു. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലാണ് ഒട്ടുംപുറം തൂവൽതീരം.

ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായി  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

Malappuram Tanur Boat Accident update

MORE IN BREAKING NEWS
SHOW MORE