അതിശക്തമായ കൊടുങ്കാറ്റുകള്‍ മറികടന്നു; പിന്‍മാറാന്‍ ഒരിക്കലും തോന്നിയില്ല: അഭിലാഷ് ടോമി

ഗോള്‍ഡന്‍ ഗ്ലോബ് േറസില്‍ പോഡിയം ഫിനിഷ് നേട്ടം അഭിമാനകരമെന്ന് അഭിലാഷ് ടോമി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമായത് വലിയ നേട്ടമായി കരുതുന്നു. പസഫിക് സമുദ്രത്തിലെ  അതിശക്തമായ കൊടുങ്കാറ്റുകള്‍ മറികടന്നാണ് ഫിനിഷ് ചെയ്തത്.  കൊടുങ്കാറ്റുകള്‍ നേരിട്ടപ്പോഴും മല്‍സരം പൂര്‍ത്തിയാക്കാനാണ് ആഗ്രഹിച്ചത്. പിന്‍മാറാന്‍ ഒരിക്കലും തോന്നിയില്ല, ഒരുപാട്  പിന്തുണ ലഭിച്ചു.  ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിന്റെ ഫിനിഷിങ് പോയിന്റായ ഫ്രാന്‍സിലെ സാബ്‌ലെ ദെലോനില്‍ നിന്ന് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാനസികമായി എന്നതിനെക്കാള്‍ യാത്രയ്ക്കായി  പായ്‌വഞ്ചി ഒരുക്കാനാണ് ഏറെ അധ്വാനം വേണ്ടിവന്നത്.  മൊട്ടുസൂചി മുതല്‍  കരുതേണ്ടതാണ്. ഒട്ടേറെപ്പേര്‍ സഹായിച്ചു. മല്‍സരത്തിലും പരസ്പരം സഹകരിച്ചാണ് മുന്നോട്ടുപോയത്.  മല്‍സരത്തില്‍ പങ്കെടുത്തയാള്‍ക്ക് വെള്ളം ലഭിക്കാതായപ്പോള്‍ വെള്ളം തേടേണ്ടി വന്നു. പരസ്പരം സഹകരിക്കുമ്പോഴും കടുത്ത മല്‍സരം നേരിടേണ്ടി വന്നു. 

ഇനി ഒരു മാസം കൂടിയെങ്കിലും ഫ്രാന്‍സില്‍ തുടരേണ്ടി വരും. നാട്ടിലെത്താന്‍ ആഗ്രഹമുണ്ട്. അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരുവര്‍ഷത്തിലേറെയായി.  പൊറോട്ട കഴിക്കാന്‍ ആഗ്രഹമുണ്ട്. ഒന്നരമാസത്തിനുശേഷം ഇന്നാണ് കുളിക്കാനായത്.  ഇനി ഒരു വരുമാനമുള്ള പ്രഫഷന്‍ കണ്ടെത്തണം.  ചെറുപ്പക്കാര്‍ മെഷേര്‍ഡ് റിസ്ക് എടുക്കണം. അതാണ് തന്റെ ഈ പരിശ്രമത്തില്‍ നിന്നും നേട്ടത്തില്‍ നിന്നും ചെറുപ്പക്കാര്‍ക്കുള്ള സന്ദേശമെന്നും അഭിലാഷ് ടോമി പറഞ്ഞു.

Golden Globe Race: Indian adventurer Abhilash Tomy becomes first Asian to sail around the world alone without assistance