ബഫര്‍സോണ്‍: ഒരു കിലോമീറ്റര്‍ നിര്‍ബന്ധമല്ല; ജനവാസ മേഖലയെ ഒഴിവാക്കാതെ കോടതി

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും ബഫര്‍സോണ്‍ നിശ്ചയിക്കുന്നതില്‍ കേരളത്തിന് ആശ്വാസം. ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയ വിധിയില്‍ സുപ്രീംകോടതി മാറ്റം വരുത്തി. ബഫര്‍സോണ്‍ ഒരു കിലോ മീറ്റര്‍ എന്നത് നിര്‍ബന്ധമല്ല. ഖനനം ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം തുടരും. സുല്‍ത്താന്‍ ബത്തേരി നഗരസഭയെ ബാധിക്കുന്ന പ്രശ്നം സുപ്രീംകോടതി ഉത്തരവില്‍ രേഖപ്പെടുത്തി. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കി ജൂണ്‍ മൂന്നിലെ വിധിയാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്. 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും കേരളത്തിന്‍റെ ബഫര്‍ സോണ്‍ ശുപാര്‍ശയില്‍ മാറ്റംവരില്ല. എല്ലാ സ്ഥലങ്ങളിലും ഒരുപോലെ ബഫര്‍സോണ്‍ മാനദണ്ഡം പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കി. ഒാരോ സ്ഥലത്തിന്‍റെയും പ്രത്യേകത പരിഗണിക്കേണ്ടിവരും. ബഫര്‍സോണ്‍ 10 കിലോ മീറ്റര്‍ മുതല്‍ 500 മീറ്റര്‍വരെയാകാം. കേന്ദ്രനിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ ഇളവിന് ശ്രമിച്ചാല്‍ കോടതി തീരുമാനമെടുക്കും. സമ്പൂര്‍ണ നിരോധനമല്ല പകരം നിരോധനം വേണ്ടത്, നിയന്ത്രണങ്ങളോടെ അനുവദിക്കാവുന്നത്, അനുവദിക്കാവുന്നത് എങ്ങനെ തരതിരിക്കണമെന്ന വന്യജീവി ബോര്‍ഡിന്‍റെ നിര്‍ദേശം കോടതി കണക്കിലെടുത്തു. 

ഫലത്തില്‍ ജനജീവിതത്തെയോ, കൃഷിയടക്കം ജീവനോപാധിയേയോ ബാധിക്കില്ല. സമ്പൂര്‍ണ നിരോധനം പരിസ്ഥിതി സംബന്ധമായ വികസന പ്രവര്‍ത്തനങ്ങളെയും തന്ത്രപ്രധാനമായ ദേശീയ പദ്ധതികളെയും ബാധിക്കാം. ബഫര്‍സോണിലും സംരക്ഷിതമേഖലയിലും പദ്ധതികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയം 2022 മേയ് 17ന് പുറത്തിറക്കിയ ഉത്തരവ് പാലിക്കണം. 2011ലെ ബഫര്‍സോണ്‍ മാര്‍ഗരേഖ കര്‍നമായി പാലിക്കണം. ബഫര്‍സോണിന്‍റെ കാര്യത്തില്‍ തീരുമാനമാകാത്ത ഇടങ്ങളുടെ കാര്യത്തിലും ഇളവ് ലഭിക്കും. അന്തിമവിജ്ഞാപനം ഇറങ്ങി മുപ്പത് ദിവസത്തിന് ശേഷമേ പ്രാബല്യത്തില്‍ വരുത്താവൂ. ബാധിക്കപ്പെടുന്ന ആര്‍ക്കും നേരിട്ട് കോടതിയെ സമീപിക്കാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Supreme Court modifies 2022 order on ESZ around national parks, sanctuaries