ബഫര്‍സോണിലെ നിയന്ത്രണങ്ങള്‍ നീക്കി; ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ സുപ്രീംകോടതി മാറ്റം വരുത്തി. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഇളവ് അനുവദിച്ചു. ഖനനം ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ തുടരും. കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്കാണ് ഇതോടെ ഇളവ് ലഭിക്കുക. വിശദാംശങ്ങള്‍ വിധിപ്പകര്‍പ്പ് ഉടന്‍ പുറത്തിറങ്ങുന്നതോടെ വ്യക്തമാകും. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കി ജൂണ്‍ മൂന്നിനാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധിയിലെ 44എ, 44ഇ ഖണ്ഡികകളില്‍ വ്യക്തതവേണമെന്ന് വനം പരിസ്ഥിതിമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ മുന്‍കാല പ്രാബല്യമുണ്ടോയെന്ന് വ്യക്തതവേണം. വിധി അതേപടി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കേരളം, ഹിമാചല്‍ പ്രദേശ്, ലഡാക്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിെയ അറിയിച്ചു. കേരളം അടക്കം സംസ്ഥാനങ്ങളും വിധിയില്‍ ഭേദഗതി തേടിയിരുന്നു.  

ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്. ബഫര്‍സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിലുള്ളവര്‍ക്ക് താമസം മാറേണ്ടിവരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഉപജീവനത്തെ ഒരു തരത്തിലും ബാധിക്കില്ല. കൃഷി, കന്നുകാലി വളര്‍ത്തല്‍, മല്‍സ്യകൃഷി എന്നിവയ്ക്ക് തടസമില്ല. ഖനനം, ക്വാറി, ക്രഷിങ് യൂണിറ്റുകള്‍, മലനീകരണമുണ്ടാക്കുന്ന റെഡ് കാറ്റഗറി വ്യവസായങ്ങള്‍, വന്‍കിട നിര്‍മാണങ്ങള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും നിരോധനം. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ ശുപാര്‍ശ കേരളം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. 

Buffer zone restrictions Supreme court