amit-shah-3

 

രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായി സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചര്‍ച്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം നീങ്ങാനിരിക്കുന്നതിനിടെയാണ് ഏക വ്യക്തിനിയമത്തിനായുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി വഴിയൊരുക്കുന്നത്. 

 

അയോധ്യയിലെ രാമക്ഷേത്രം, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍ ബിജെപിയുടെ അജന്‍ഡയില്‍ ഇനി അവശേഷിക്കുന്നത് ഏക വ്യക്തിനിയമം നടപ്പാക്കലാണ്. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഏക വ്യക്തി നിയമത്തെ പിന്തുണയ്ക്കുന്നതായും കോടതി ഉത്തരവിലൂടെയല്ല, പാര്‍ലമെന്‍റില്‍ നിയമനിര്‍മാണത്തിലൂടെയാകും നടപ്പാക്കുകയെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതി അറിയിച്ചിരുന്നു. ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന്‍റെ വിവിധ വശങ്ങള്‍ 21 ാം നിയമക്കമ്മിഷന്‍ പരിശോധിച്ചിരുന്നു. 

 

ഇതിന്‍റെ അടിസ്ഥാനത്തില്‍ നിയമപരിഷ്ക്കാരത്തിനായുള്ള ശുപാര്‍ശകള്‍ മുന്നോട്ടുവച്ചു. ഏക വ്യക്തി നിയമം നടപ്പാക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്നും 22 ാം നിയമക്കമ്മിഷനോടും ഇക്കാര്യം പരിശോധിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും നിയമമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ അറിയിച്ചിരുന്നു. കമ്മിഷന്‍ കലാവധി ഫെബ്രുവരി 20ന് അവസാനിച്ചെങ്കിലും 2024 ഒാഗസ്റ്റുവരെ നീട്ടി. ഉത്തരാഖണ്ഡ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുകയും തുടര്‍ന്ന്  നടപടികള്‍ ആരംഭിക്കുകയും ചെയ്തു.  

 

Amit Shah holds first high-level meeting on Uniform Civil Code, top officials in attendance