അമൃത്പാൽ സിങ്ങിനെ പിടിക്കാനായില്ലെന്ന് പൊലീസ്; 78 അനുയായികൾ കസ്റ്റഡിയിൽ

Amritpal-Singh-1803
SHARE

ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിനെ (30) പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം തുടരുന്നു. ശനിയാഴ്ച വൈകിട്ട് ജലന്തറിൽവച്ച് അമൃത്പാലിനെ പൊലീസ് നാടകീയമായി കീഴടക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞെന്ന് ഉദ്യോഗസ്ഥർ‌ അറിയിച്ചു. അമൃത്പാലിന്റെ 78 അനുയായികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ആയുധങ്ങളും കണ്ടെടുത്തു. അമൃത്പാൽ സിങ് ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി

അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം ഞായറാഴ്ച ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്. അമൃത്സര്‍, ജലന്തർ എന്നിവിടങ്ങളില്‍ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അമൃത്പാൽ സിങ്ങിന്റെ സന്ദർശനത്തെക്കുറിച്ചുള്ള മുൻകൂർ വിവരം ലഭിച്ചതിനാൽ പൊലീസ് എല്ലാ റോഡുകളും അടച്ച് ജലന്തറിലെ ഷാക്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് അമൃത്‌പാലിന്റെ സ്വന്തം നാടായ അമൃത്‌സർ ജില്ലയിലെ ജല്ലുപുർ ഖേരയ്ക്കു പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റയും നിയന്ത്രണത്തിലാണ് ഗ്രാമം.കഴിഞ്ഞ മാസം, അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അമൃത്സർ ജില്ലയിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേർ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന് ഉറപ്പു കിട്ടിയതിനു ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്. അമൃത്പാലിനും അനുയായികൾക്കും എതിരെ വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫെബ്രുവരി 16ന് കേസെടുത്തിരുന്നു. ഈ കേസിൽ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്.

Punjab Internet Snapped As Cops Move In To Arrest Separatist Leader Amritpal Singh

MORE IN BREAKING NEWS
SHOW MORE