
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പണം അടിച്ചുമാറ്റി ജനപ്രതിനിധികള്‍. ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തില്‍ മൂന്ന് പാര്‍ട്ടിയിലുമുള്ള ഒമ്പത് അംഗങ്ങള്‍ ജോലി ചെയ്യാതെ വ്യാജരേഖകള്‍ തയാറാക്കി ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസം പോലും തൊഴിലുറപ്പിലും ജോലി ചെയ്തെന്ന് വ്യാജരേഖകളുണ്ടാക്കി. ഓംബുഡ്സ്മാന്റെ അന്വേഷണത്തില്‍ വെട്ടിപ്പ് പിടിച്ചതോടെ പണം തിരിച്ചടച്ച് തലയൂരാനും ശ്രമം. മനോരമ ന്യൂസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കാണാം.
ജോലി ചെയ്യാതെ കൂലി അടിച്ചെടുത്തതില്‍ രാഷ്ട്രീയഭേദമില്ല. സി.പി.എമ്മിന്റെ നാല്, സി.പി.ഐയുടെ ഒന്ന്, കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും രണ്ട് അംഗങ്ങള്‍ വീതം..ഇങ്ങിനെ 9 പേര്‍ ചേര്‍ന്ന് ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തി നാനൂറ്റി ഇരുപത്തി രണ്ട് രൂപ തട്ടിച്ചെന്നാണ് സോഷ്യല്‍ ഓഡിറ്റിങ്ങിലെ കണ്ടെത്തല്‍. ഈ പണം തിരിച്ചടയ്ക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടെങ്കിലും പതിനെണ്ണായിരം രൂപ മാത്രം അടച്ചത്.അബദ്ധം പറ്റിയതാണെന്ന് ന്യായീകരിച്ച് തടിതപ്പാനാണ് ശ്രമം. സാമ്പത്തിക തട്ടിപ്പായതിനാല്‍ വിജിലന്‍സിന് കേസെടുക്കാം. തെറ്റുചെയ്തത് ജനപ്രതിനിധികളായതിനാല്‍ അയോഗ്യരാക്കാനും ചട്ടമുണ്ട്. പക്ഷെ അഴിമതിയില്‍ മൂന്ന് പാര്‍ട്ടിക്കും പങ്കുള്ളതിനാല്‍ ഒതുക്കി തീര്‍ക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും.
panchayat members forged documents to withdraw money from NREGA