ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി; വിചാരണ പൂര്‍ത്തിയായിട്ടും വിധി പറയാതെ ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന ഹര്‍ജിയില്‍  വിചാരണ പൂര്‍ത്തിയായി ഒരുവര്‍ഷം പിന്നിട്ടിട്ടും വിധി പറയാതെ ലോകായുക്ത. 2022 മാര്‍ച്ച് 18ന് ആണ് വിചാരണ പൂര്‍ത്തിയായി വിധി പറയാനായി മാറ്റിയത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഗവര്‍ണറുടെ പരിഗണനയിലുള്ളതാണ് വിധിപറയാന്‍ തടസമായി ലോകായുക്ത വിശദീകരിക്കുന്നത്.

അന്തരിച്ച ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിനു 25 ലക്ഷം അനുവദിച്ചതിലും മുന്‍എം.എല്‍.എകെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന്‍റെ സ്വകാര്യ കടങ്ങള്‍ അടക്കം തീര്‍ക്കാന്‍ പണം വിനിയോഗിച്ചതും,കോടിയേരി ബാലകൃഷണന്‍റെ ഗണ്‍മാന്‍ പ്രവീണിന്‍റെ കുടുംബത്തിനു 20 ലക്ഷം നല്‍കിയതും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രിയും, മന്ത്രിമാരും, ചട്ടലംഘനം നടത്തിയെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉള്‍പ്പെട്ട ബെഞ്ചുമാണ് ഹര്‍ജിയില്‍ വാദം കേട്ടത്. 2022 ഫെബ്രുവരി അഞ്ചിനു വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച് 18 നു വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുകയായിരുന്നു.

സിവില്‍ പ്രൊസീജിയര്‍ കോഡിലെ ഓര്‍ഡര്‍ 20 ചട്ടം 1 പ്രകാരം വിചാരണ പൂര്‍ത്തിയാക്കി 30 ദിവസത്തിനകം ഉത്തരവിറക്കണമെന്നതാണ് നിയമം. അസാധാരണ സാഹചര്യമാണെങ്കില്‍ 15 ദിവസം കൂടിയെടുക്കാം എന്നാല്‍ ഇതില്‍ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും വിധി വന്നില്ല. നേരത്തെ ലോകായുക്ത വിധിയാണ് മന്ത്രി കെ.ടി.ജലീലിന്‍റെ രാജിയിലേക്ക് നയിച്ചത്. എന്നാല്‍  അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഗവര്‍ണറുടെ കൈവശമിരിക്കുന്നതിനാലാണ് വിധി പറയാത്തതെന്നാണ് ലോകായുക്ത വിശദീകരണം.

CMDRF misuse; Verdict delayed