നയനയുടെ മരണരംഗം പുനരാവിഷ്കരിക്കും; മുറിവുകളില്‍ വ്യക്തത വരുത്താന്‍ ക്രൈംബ്രാഞ്ച്

യുവസംവിധായിക നയന സൂര്യൻ മരിച്ചു കിടന്ന മുറിയിലെ രംഗങ്ങൾ പുനരാവിഷ്കരിക്കും. മുറി അകത്ത് നിന്ന് അടച്ചിരുന്നോ എന്നതിൽ വ്യക്തത വരുത്താനാണ് ശ്രമം. ശരീരത്തിലെ മുറിവുകളേക്കുറിച്ച് ഫൊറൻസിക് സർജനോട് വീണ്ടും വ്യക്തത വരുത്താനും തീരുമാനിച്ചു. നയന മരിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുകയാണ്. 

നയനയുടെ 32 ജന്‍മദിനമാണിന്ന്. നിർഭാഗ്യവശാൽ നാലാം ചരമവാർഷികവും. 2019 ലെ ഇതേ ദിവസം ജൻമദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾ കാത്തിരിക്കുമ്പോഴാണ്, നയനയെ മരണം കൊണ്ടുപോയത്. പിന്നീട് ജൻമദിനവും മരണ ദിനവും ഒന്നിച്ച് ആചരിക്കേണ്ട ദുർഗതിയിലായ സുഹൃത്തുക്കൾ ഈ ഓർമദിനത്തിൽ കാത്തിരിക്കുന്നത് നയനയുടെ മരണകാരണം അറിയാനാണ്. അതിലേക്കുള്ള അന്വേഷണം തുടരുന്ന ക്രൈംബ്രാഞ്ച് നിർണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ്. നയനയെ മരിച്ച നിലയിൽ ആദ്യം കണ്ട സുഹൃത്തുക്കളെയും ഫൊറൻസിക് സംഘത്തെയും ഉൾപ്പെടുത്തി മരണരംഗം അതേ മുറിയിൽ പുനരാവിഷ്കരിക്കാൻ. നയനയുടെ മുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. 

സാക്ഷികളിൽ ഭൂരിഭാഗം പേരും മൊഴി നൽകിയിരിക്കുന്നത് കുറ്റിയിട്ടിരുന്നൂവെന്നും മുറി ബലം പ്രയോഗിച്ചണ് തുറന്നതെന്നുമാണ്. പുനരാവിഷ്കാരത്തിലും ഇത് തെളിഞ്ഞാൽ ആത്മഹത്യ എന്ന സാധ്യതയ്ക്ക് ബലമേറും. അല്ലെങ്കില്‍ കൊലപാതകത്തിലേക്കും. അതോടൊപ്പം ശരീരത്തിലെ മുറിവുകളെക്കുറിച്ച് പോസ്റ്റുമോർട്ടം ചെയ്ത ഡോ. കെ. ശശികലയെ കണ്ട് ചോദിച്ച് ഒരിക്കൽ കൂടി വ്യക്തത വരുത്തും. ഇതിന് ശേഷം മെഡിക്കൽ ബോർഡും തെളിവുകൾ വിലയിരുത്തുന്നതോടെ മരണകാരണത്തിൽ അന്തിമ നിഗമനത്തിലെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

Nayana Sooryan death case crime branch investigation