വധൂവരന്‍മാര്‍ ഗുണ്ടകള്‍; മിന്നുകെട്ടിന് കാവല്‍ കമാന്‍ഡോസ്; വിചിത്രം

ക്രിമിനല്‍ പശ്ചാത്തലമുള്ള വരനും വധുവും, വരന്റെ തലയ്ക്ക് വിലയിട്ടിരുന്നത് 7 ലക്ഷം വരെ, വധുവിന് പതിനായിരം. ഇരുവരും എംബിഎ ബിരുദധാരികള്‍. പണ്ട് ബാങ്കിങ് മേഖലയിലായിരുന്നു ജോലി, ആ പരിചയത്തില്‍ പിന്നെ സാമ്പത്തിക തട്ടിപ്പ്. പിന്നെ ഔദ്യോഗികമായി തന്നെ ഗുണ്ടാ ജോലിയിലേക്ക്. കൊള്ള, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ചെറുതും വലുതുമായ ക്രൈമുകളെല്ലാം ഇരുവരും നടത്തി. 

വരൻ, കാലാ ജതേഡി എന്നറിയപ്പെടുന്ന സന്ദീപ്,  വധു മാഡം മിൻസ് എന്നറിയപ്പെടുന്ന അനുരാധ ചൗധരി. വിവാഹം 12ന്, ഡല്‍ഹി ദ്വാരക സെക്ടര്‍ 3യിലെ സന്തോഷ് ഗാര്‍ഡന്‍. ഇരുവരും ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിലുള്ളവര്‍. കല്യാണം കഴിഞ്ഞ് ആ വഴിയേ അങ്ങ് രക്ഷപ്പെടാതെ നോക്കുക എന്നതാണ് ഡല്‍ഹി പൊലീസിന്റെ ചുമതല. സ്പെഷ്യല്‍ സെല്‍, ക്രൈംബ്രാഞ്ച്, ഹരിയാന സിഐഎ, എല്ലാവരും സുരക്ഷാടീമിലുണ്ട്. പൊലീസ് വകുപ്പില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ് ഈ വിവാഹം. 

2020ലാണു സന്ദീപിന്റേയും  അനുരാധയുടേും പ്രണയം തുടങ്ങുന്നത്. പിന്നീട് ഇൻഡോറിലെ  ക്ഷേത്രത്തിൽവെച്ച് രഹസ്യവിവാഹം. പല സംസ്ഥാനങ്ങളിലായി ഒളിവുജീവിതം. അതിനിടെ യുപിയിലെ സഹാരൻപുരിൽ നിന്ന് അറസ്റ്റിലായി. വിവാഹം മൗലികാവകാശമാണെന്നും അനുമതി നിഷേധിക്കുന്നതു ഭരണഘടനാ ലംഘനമാണെന്നും വാദിച്ചാണ് സന്ദീപിന്റെ അഭിഭാഷകന്‍ ദ്വാരകയിലെ കോടതിയിൽ നിന്നു പരോള്‍ നേടിയെടുത്തത്. 

കല്യാണത്തിനായുള്ള ഒരുക്കങ്ങളാണ് ഇനി കേള്‍ക്കേണ്ടത്. 250 പൊലീസുകാരും ഹൈടെക് മെഷീൻ‌ ഗണ്ണുകളേന്തിയ സ്വാറ്റ് കമാൻഡോകളും മിന്നുകെട്ടിന് കാവലാകും. പന്തല്‍ പണിക്കാര്‍ക്കും വിളമ്പുകാര്‍ക്കുമെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്, 150ഓളം അതിഥികളെത്തും, ഇവരൊക്കെ നിരീക്ഷണവലയത്തിലാണ്.  വിവാഹത്തിനു കൊട്ടാരം പോലെ പന്തലൊരുങ്ങിക്കഴിഞ്ഞു.  12നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ചടങ്ങുകൾക്ക് കോടതി സമയം അനുവദിച്ചിരിക്കുന്നത്. അന്നു തിഹാറിലേക്കു മടങ്ങുന്ന കാലായെ പിറ്റേ ദിവസം ഗൃഹപ്രവേശ ചടങ്ങിനായി ഹരിയാനയിലെ സോനിപ്പത്തിലെത്തിക്കും. വീണ്ടും ജയിലിലേക്കു മടങ്ങും. 

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ വലംകയ്യാണു ഹരിയാന സോനെപത് സ്വദേശി കാലാ ജതേഡി. തിഹാർ ജയിലിൽ നിന്ന് 6 മണിക്കൂർ പരോളിലാണ് കാലാ വിവാഹത്തിനെത്തുന്നത്. രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അനന്ത്പാൽ സിങ്ങിന്റെ സംഘത്തിലെ പ്രധാനിയായ മാഡം മിന്‍സിന് ഈയിടെയാണ് പരോള്‍ ലഭിച്ചത്. എകെ 47ഉം ഇംഗ്ലീഷും ഈസിയായി കൈകാര്യം ചെയ്യുമെന്നതാണ് അനുരാധയെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് സന്ദീപ് പറയുന്നു.  

ഇരുവരും തലയ്ക്ക് വിലയിട്ടിരുന്ന ഗുണ്ടകളാണെന്നത് മാത്രമല്ല ഇത്രയും വലിയ സുരക്ഷയൊരുക്കാന്‍ കാരണം. ഒന്നിലേറെ തവണ ഹരിയാന പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെയും  കസ്റ്റഡിയില്‍ നിന്നും സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടുപോയ കുറ്റവാളി കൂടിയാണ് കാലാ. ഇനിയൊരു കബളിപ്പിക്കല്‍ ഉണ്ടാവരുതെന്ന ഉറച്ച നിലപാടോടെയാണ് കാലാ മിന്‍സ് വിവാഹത്തിനു കാവല്‍ നില്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. തിഹാര്‍ ജയിലില്‍ നിന്നും 7 കിമീ മാറിയാണ് വിവാഹവേദി...യൂണിഫോമിലും മസ്തിയിലും പൊലീസുണ്ടാകും. 

Gangster marriage becomes talking point in Police circles