കൊച്ചുപ്രേമന്‍ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ പ്രിയ ഹാസ്യതാരം

നടന്‍ കൊച്ചുപ്രേമന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 300ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ട കൊച്ചു പ്രേമന്‍ എന്ന കെ.എസ്.പ്രേംകുമാര്‍ ഹാസ്യവേഷങ്ങളില്‍ സൃഷ്ടിച്ച തനതുശൈലിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. 

സവിശേഷമായ സംസാരശൈലിയിലൂടെയാണ് കൊച്ചുപ്രേമന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. 1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരം പേയാടാണ് കെ.എസ്.പ്രേംകുമാര്‍ ജനിച്ചത്. എട്ടാംക്ലാസില്‍ പഠിക്കെ സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് കലാരംഗത്തെത്തി. തുടര്‍ന്ന് നാടകരംഗത്ത് സജീവമായി. പ്രേംകുമാറെന്ന പേരില്‍ രണ്ടുപേര്‍ നാടകസമിതിയിലെത്തിയപ്പോള്‍ ഒരാള്‍ കൊച്ചുപ്രേമനും അപരന്‍ വലിയപ്രേമനുമായി. ജഗതി എന്‍.കെ.ആചാരി ഉള്‍പ്പടെ നാടകരംഗത്തെ മഹാരഥന്‍മാരുടെ നാടകങ്ങളില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ചു. വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതിതിരുനാള്‍, ഇന്ദുലേഖ, രാജന്‍ പി.ദേവിന്‍റെ ആദിത്യമംഗലം ആര്യവൈദ്യശാല തുടങ്ങിയ നാടകങ്ങള്‍ കൊച്ചുപ്രേമന് സ്വന്തമായി മേല്‍വിലാസം നല്‍കി. നാടകത്തിലെ അഭിനയം കണ്ടാണ് 1979ല്‍ ജെ.സി.കുറ്റിക്കാട് തന്‍റെ ഏഴുനിറങ്ങള്‍ എന്ന സിനിമയിലേക്ക് കൊച്ചുപ്രേമനെ ക്ഷണിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുശേഷം 1997ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനിലാണ് ശ്രദ്ധേയമായ വേഷം കിട്ടുന്നത്. തുടര്‍ന്നങ്ങ് രാജസേനന്‍റെ എട്ടുസിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു കൊച്ചുപ്രേമന്‍. 97ല്‍ തന്നെ അന്തിക്കാട് ഗ്രാമത്തില്‍ വച്ച് കൊച്ചുപ്രേമന്‍റെ നാടകം കണ്ട സത്യന്‍ അന്തിക്കാട് ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ അവസരം നല്‍കി. ഈ സിനിമയായിരുന്നു യഥാര്‍ഥ വഴിത്തിരിവ്. ആ വര്‍ഷം തന്നെ കഥാനായകന്‍, ദി കാര്‍, ഗുരു, പഞ്ചലോഹം തുടങ്ങിയ ചിത്രങ്ങള്‍. 2003ല്‍ തിളക്കം. ഗുരു, ലീല തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് കൊച്ചുപ്രേമന്‍ തെളിയിച്ചു. അവശതകളുണ്ടായിരുന്നെങ്കിലും ഇക്കൊല്ലവും കൊച്ചുപ്രേമനെ തേടി വേഷങ്ങളത്തി. നിരവധി സീരിയലുകളിലും പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൊച്ചുപ്രേമന്‍. ഭാര്യ ഗിരിജ പ്രേമനും നടിയാണ്.