അപ്പീല്‍ വേഗത്തില്‍ കേള്‍ക്കാമോയെന്ന് ബില്‍ക്കിസ് ബാനു; പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ്

bilkis
SHARE

പ്രതികളെ മോചിപ്പിച്ചതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍. 2002ലെ ഗുജറാത്ത് കലാപ കാലത്ത് കൂട്ടംചേര്‍ന്ന് പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ചതിനെതിരെയാണ് കോടതിയെ സമീപീച്ചത്. വേഗത്തില്‍ പരിഗണിക്കാമോയെന്ന ആവശ്യത്തോട് ഉടന്‍ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

ഒരു പുനഃപരിശോധന ഹര്‍ജിയും ഒരു റിട്ട് ഹര്‍ജിയുമായി ഒടുവില്‍ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ മോചിപ്പിച്ചതാണ് റിട്ട് ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നത്. കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് പുനഃപരിശോധന ഹര്‍ജി. മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. 1992ലെ റെമിഷന്‍ നയമാണ് ബാധകമാക്കിയത്. 

എന്നാല്‍ പരിഷ്കരിച്ച 2014ലെ റെമിഷന്‍ നയമാണ് ബാധകമാക്കിയിരുന്നതെങ്കില്‍ മോചനം സാധ്യമാകുമായിരുന്നില്ല. പീഡനക്കേസ് പ്രതികള്‍ക്കും കൊലക്കേസ് പ്രതികള്‍ക്കും 2014 റെമിഷന്‍ നയപ്രകാരം മോചനം സാധ്യമല്ല. വിചാരണ നടന്ന മഹാരാഷ്ട്രയുടെ നിലപാടും തേടിയില്ല. ഇതെല്ലാം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് നേരത്തെ പരിഗണിച്ച ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമായ ജസ്റ്റിസ് അജയ് റസ്തോഗിക്ക് വിഷയം പരിഗണിക്കാനാകുമോയെന്ന് ബില്‍ക്കീസിന്‍റെ അഭിഭാഷക ആരാഞ്ഞു. അജയ് റസ്തോഗിയാണ് പ്രതികളുടെ മോചനകാര്യം ഗുജറാത്ത് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് വിധിച്ചത്  

MORE IN BREAKING NEWS
SHOW MORE