സാഹിത്യകാരന്‍ സതീഷ്ബാബു പയ്യന്നൂര്‍ അന്തരിച്ചു

satheesh-basbu
SHARE

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.  

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സതീഷ് ബാബു പയ്യന്നൂരിനെ താമസിക്കുന്ന ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യ ഫോണ്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അടുത്ത് താമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഫ്ളാറ്റില്‍ വിശദമായ പരിശോധന നടത്തി. നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

1963ല്‍ പാലക്കാട് പത്തിരിപ്പാലയില്‍ ജനിച്ച സതീഷ് ബാബു പയ്യന്നൂര്‍ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങി. ഇരുപത്തിരണ്ടാമത്തെ വയസില്‍ ദൈവം എന്ന കഥയ്ക്ക് കേരള സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ പ്രഥമ കാരൂര്‍ പുരസ്കാരം ലഭിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ദൈവപ്പുര, മഞ്ഞസൂര്യന്‍റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയരാവില്‍ തുടങ്ങി ഏഴ് നോവലുകളും രചിച്ചു. ആധുനികതയുടെ സായാഹ്ന കാലത്ത് ഒട്ടും ദുരൂഹതയില്ലാത്ത യഥാർഥമായ രചനാശൈലിയിലൂടെ വായനക്കാരുടെ മനസില്‍ ഇടംനേടി. കാവ്യാത്മകമായിരുന്നു സതീഷ്ബാബുവിന്‍റെ കഥകളിലെ ഭാഷ. 

മാധ്യമപ്രവര്‍ത്തകനായി തുടങ്ങിയ സതീഷ്ബാബു പിന്നീട് എസ്.ബി.ടിയില്‍ ഉദ്യോഗസ്ഥനായി. നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. ഓ ഫാബി എന്ന സിനിമയുടെ രചനയില്‍ പങ്കാളിയായി. കേരള സാഹിത്യ അക്കാദമിയിലും ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു.

writer Satheesh Babu Payyannoor passed away

MORE IN BREAKING NEWS
SHOW MORE