ആവേശപ്പോര്; പോർച്ചുഗലിനു വിജയത്തുടക്കം; റൊണാൾഡോയ്ക്കു ലോകറെക്കോർഡ്

FBL-WC-2022-MATCH15-POR-GHA
Cristiano Ronaldo celebrates with his team's first goal
SHARE

ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനൽറ്റി), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ വല കുലുക്കി. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലും ഘാനയും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയത്. അഞ്ച് ലോകകപ്പില്‍‍ ഗോള്‍‍ നേടുന്ന ആദ്യ താരമായി റോണാൾഡോ മാറി. 

മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു ഗോളിലെത്തിക്കാൻ സാധിച്ചില്ല. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസില്‍നിന്നു പന്തു തട്ടിയെടുത്ത പോർച്ചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോയ്ക്കു പാസ് നൽകി. പക്ഷേ ഘാന ഗോളി ലോറൻസ് അതി സിഗി കൃത്യമായി റൊണാള്‍ഡോയെ പ്രതിരോധിച്ചു. 13–ാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ പുറത്തേക്കു പോയി.

ആദ്യ പ‌കുതിയിൽ തന്നെ റൊണാൾ‍ഡോയും പോർച്ചുഗലും ഘാനയെ സമ്മർദത്തിലാക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയം 974 ൽ. 31–ാം മിനിറ്റിൽ റൊണാൾഡോ ഘാന വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇടയ്ക്കിടെ ഘാനയുടെ ഒറ്റപ്പെട്ട ആക്രമണങ്ങൾക്കും ആദ്യ പകുതി സാക്ഷിയായി. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ആദ്യ ഗോളടിച്ച് പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ലീ‍ഡ് പിടിച്ചു.എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഗോൾ മടക്കി ആന്ദ്രെ അയു ഘാനയെ ഒപ്പമെത്തിച്ചു. പിന്നാലെ യുവതാരങ്ങളായ ജോവാ ഫെലിക്സ്, പകരക്കാരൻ റാഫേൽ ലിയോ എന്നിവരിലൂടെ പോർച്ചുഗൽ 3–1ന് മുന്നിലെത്തി. പോർച്ചുഗൽ താരങ്ങളുടെ ആഘോഷങ്ങൾ തീരുംമുൻപേ ഒസ്മാൻ ബുക്കാരിയിലൂടെ ഘാന രണ്ടാം ഗോൾ നേടുകയായിരുന്നു.

FIFA World Cup : Portugal beat Ghana 3-2

MORE IN BREAKING NEWS
SHOW MORE