‘ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമം’; വിദേശയാത്ര വിശദീകരിച്ച് സിപിഎം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയില്‍ വിവാദം കൊഴുക്കുമ്പോള്‍ പിന്തുണയുമായി സിപിഎം. മാധ്യമങ്ങളും പ്രതിപക്ഷവും ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തുപോകുമ്പോള്‍ അതിന്‍റെ ഭാഗമായി മലയാളിക്ക് എന്തു നേട്ടമുണ്ടായെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായി. കുടുംബാംഗങ്ങളുമായി ഉല്ലാസയാത്രക്ക് പോയെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നീട് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കുമെങ്കിലും പാര്‍ട്ടിയും പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിന്‍റെ സമഗ്രമായ വികസനത്തിന് വിവിധ രാജ്യങ്ങളുമായുള്ള ആശയവിനിമയവും മൂലധന നിക്ഷേപസാധ്യതകളും അന്വേഷിക്കേണ്ടതുണ്ടെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ ന്യായീകരിച്ചു. ഇക്കാര്യത്തില്‍ പലവിധത്തിലുള്ള പുരോഗതി നേടാനായതിന്‍റെ വാര്‍ത്തകളും പുറത്തുവന്നിട്ടും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുപകരം ഇല്ലാകഥകള്‍ പ്രചരിപ്പിക്കാനാണ് ശ്രമമെന്നും സിപിഎം കുറ്റപ്പെടുത്തി. താനടക്കം നടത്തിയ വിദേശയാത്ര വിവാദമായതിനോട് മന്ത്രി വി.ശിവന്‍കുട്ടി വൈകാരികമായി പ്രതികരിച്ചു. വിദേശയാത്ര വിവാദമാക്കിയതിനെ വിമര്‍ശിച്ച മന്ത്രി ശിവന്‍കുട്ടിയെ പ്രതിപക്ഷനേതാവ് പരിഹസിച്ചു.

  

CPM supports Chief Minister and Ministers foreign travel.