കുഴിമന്തി ഇഷ്ടമല്ലെന്ന് പറഞ്ഞില്ല, പേര് ഇഷ്ടമല്ല; ഉറച്ച് വി.കെ.ശ്രീരാമന്‍

കുഴിമന്തിയെന്ന പേര് ഭക്ഷണത്തിന് ചേരില്ലെന്ന തന്റെ നിലപാടില്‍ ഉറച്ച് വി.കെ.ശ്രീരാമന്‍. ഭാഷ വികലമായി പോകുമെന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. കുഴിമന്തി ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ല. താന്‍ ഭാഷാ പണ്ഡിതനല്ലെന്നും എഴുപതു വര്‍ഷം കേരളത്തില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ തനിക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി.കെ.ശ്രീരാമന്‍ മലപ്പുറം തിരൂരില്‍ പറഞ്ഞു.

കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വി.കെ. ശ്രീരാമന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ പോര്. മലയാള ഭാഷയെ മാലിന്യത്തില്‍ മോചിപ്പിക്കാനുള്ള ആദ്യനടപടിയാകും ഇതെന്നാണ് വി.െക. ശ്രീരാമന്‍റെ ന്യായീകരണം. പോസ്റ്റിനെ ആദ്യം അനുകൂലിച്ച എസ്. ശാരദകുട്ടിയും സുനില്‍ പി ഇളയിടവും പിന്നീട് നിലപാട് മാറ്റി. എന്നാല്‍ വാക്കുനിരോധനത്തോട് യോജിക്കുന്നില്ലെന്നാണ് മന്തി ആരാധകരു‌ടെ പ്രതികരണം. 

പോസ്റ്റിനോട് ആദ്യം യോജിച്ച എസ്. ശാരദകുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ. കുഴിമന്തിയെന്ന് കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മവരും. താന്‍ കഴിക്കാറില്ലെന്നും പേര് കൂടി ആകര്‍ഷകമായാലേ കഴിക്കാന്‍ പറ്റൂവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സൈബര്‍ ആക്രമണം രൂക്ഷമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ആദ്യം അനുകൂലിച്ച സുനില്‍ പി. ഇളയിടവും നിലപാട് മാറ്റി. ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയ ആശയങ്ങള്‍ ന്യായമല്ലെന്ന് സുനില്‍ പി. ഇളയിടം വ്യക്തമാക്കി. മന്തിക്കൊപ്പമെന്ന് മുരളി തുമ്മാരുകുടി പ്രതികരിച്ചു. വി.കെ. ശ്രീരാമന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് കൂഴൂര്‍ വില്‍സനും രംഗത്തെത്തി. 

എന്നാല്‍ കുഴിമന്തി എന്ന വാക്കു നിരോധിക്കുന്നതിനോട് മന്തി ആരാധകര്‍ക്ക് യോജിപ്പില്ല. ഒരുകാര്യം ഉറപ്പ്. വാക്കുനിരോധിച്ചാലും ഇല്ലെങ്കിലും ശരി. മന്തി എന്ന ഭക്ഷണം ആരും ഒഴിവാക്കുന്ന പ്രശ്നമില്ല.  വിവാദം മന്തി ആരാധകരുടെ എണ്ണം കൂട്ടിയിട്ടേ ഉള്ളൂവെന്ന് അര്‍ഥം. 

VK Sreeraman on kuzhimanthi fb post controversy