വൈസ് ചാന്‍സലര്‍ നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങി വി.സി; സെനറ്റ് യോഗം ഉടന്‍ വിളിക്കും

ഗവര്‍ണറുടെ നിര്‍ദേശത്തിന് വഴങ്ങി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. വിസി നിയമന സെര്‍ച്ച് കമ്മറ്റിയിലേക്ക് സര്‍വകലാശാലയുടെ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ സെനറ്റ്്്യോഗം വിളിച്ചുചേര്‍ക്കാമെന്ന് വിസി രാജ്ഭവനെ അറിയിച്ചു. മൂന്നുതവണ ഗവര്‍ണര്‍ കത്തു നല്‍കിയ ശേഷമാണ് കേരള സര്‍വകലാശാല മറുപടി നല്‍കിയിരിക്കുന്നത്. 

വിസി നിയമന പ്രക്രിയ അപ്പാടെ അവതാളത്തിലാകുകയും പ്രശ്നം ഹൈക്കോടതിക്ക് മുന്നിലെത്തുകയും ചെയ്യുമെന്ന് ഉറപ്പായതോടെയാണ് ഗവര്‍ണറുടെ നിര്‍ദേശത്തിന് ഭാഗികമായെങ്കിലും വഴങ്ങാന്‍കേരള സര്‍വകലാശാല തയാറായിരിക്കുന്നത്. പുതിയ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍സെനറ്റ് യോഗം വിളിച്ചുചേര്‍ക്കും. ഇക്കാര്യം വൈസ് ചാന്‍സലര്‍ രാജ്ഭവനെ രേഖാമൂലം അറിയിച്ചെങ്കിലും എന്നാണ് സെനറ്റ് ചേരുകയെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 

മൂന്നംഗ സെര്‍ച്ച് കമ്മറ്റിയിലേക്ക് നേരത്തെ പ്്ളാനിംങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍റെ പേര് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പിന്‍മാറി. തുടര്‍ന്ന് സര്‍വകലാശാല ഭേദഗതി നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നതിന്‍റെ പശ്ചാത്തലത്തില്‍  സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് ആരുടെയും പേരു നല്‍കിയില്ല. പുതിയസംവിധാനം വരട്ടെ എന്ന സര്‍ക്കാര്‍നിലപാടിനൊപ്പം നില്‍ക്കാനായിരുന്നു സെനറ്റിന്‍റെയും വിസിയുടെയും തീരുമാനം. 

ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കി നിലപാട് പരസ്യമാക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ രണ്ടംഗസമിതി രൂപീകരിച്ച് മുന്നോട്ട് പോയതോടെ സര്‍വകാലാശാല വെട്ടിലായി. ഒക്ടോബറില്‍പുതിയ വിസിയെ നിയമിക്കണം. സര്‍വകലാശാല നിയമത്തില്‍ഗവര്‍ണര്‍ ഒപ്പിട്ടിട്ടുമില്ല. ഇക്കാര്യം നിലവിലെ നിയമപ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മറ്റിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യം ഉടലെടുത്തു. ഇക്കാര്യം കണക്കിലെടുത്തും നിയമക്കുരുക്ക് ഒഴിവാക്കാനുമാണ് സെനറ്റ് ചേരാനുള്ള തീരുമാനം.