aryadan-25

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.40നായിരുന്നു അന്ത്യം.  നിലമ്പൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ രാഹുൽ ഗാന്ധി അന്തിമോചാരം അർപ്പിച്ചു. സംസ്കാരം നാളെ രാവിലെ ഒന്‍പതിന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്ജിദില്‍ നടക്കും.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.  മരണ സമയത്ത്  ആര്യാടൻ ഷൗക്കത്ത് ഉൾപ്പടെ നാലുമക്കളും  ആശുപത്രിയിലുണ്ടായിരുന്നു. രാവിലെ പത്തേകാലിനാണ് മൃതദേഹം നിലമ്പൂരിലെ വീട്ടിൽ എത്തിച്ചത്. 

പതിറ്റാണ്ടുകളായി ആര്യാടനുമായി ഹൃദയബന്ധമുള്ള ആയിരങ്ങളാണ് പ്രിയ നേതാവിനെ അവസാനനോക്കു കാണാൻ ഒഴുകിയെത്തിയത്. പന്ത്രണ്ടേക്കലിന്  രാഹുൽ ഗാന്ധിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വിഡി സതീശനും അടക്കമുളള നേതാക്കളെത്തി അന്ത്യോപചാരം അർപ്പിച്ചു. രാഷ്ട്രീയ-മത-സാംസ്കാരിക രംഗത്തുള്ളവരുടെ ഒഴുക്ക് തുടരുകയാണ്. നാളെ രാവിലെ 9 ന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് കബടക്കം.