പ്രാദേശിക നേതാക്കൾ സംശയനിഴലിൽ; ഗൂഢാലോചന അന്വേഷിച്ച് ക്രൈംബ്രാഞ്ച്

jithin-akg-center-attack-2
SHARE

എകെജി സെന്റ്ർ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. ഒരു വനിത  ഉൾപ്പെടെ രണ്ട് പ്രാദേശിക നേതാക്കൾ സംശയനിഴലിലാണ്. എന്നാൽ ജിതിനെതിരെ ഉയർത്തുന്ന പല തെളിവുകളും കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് ഇനിയും സാധിച്ചിട്ടില്ല. അതിനിടെ ജിതിന്റെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിൻ എ.കെ.ജി സെന്ററിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ ഗൂഡാലോചന ആരോപിക്കുന്ന ക്രൈം ബ്രാഞ്ച് ഒന്നിലേറെ പ്രതികളുണ്ടന്നും ഉറപ്പിച്ചിട്ടുണ്ട്. സ്ഫോടക വസ്തു എറിയാനുള്ള യാത്രക്കായി ജിതിന് സ്കൂട്ടർ എത്തിച്ച നൽകിയ സുഹൃത്തിനെയാണ് രണ്ടാം പ്രതിയായി കണക്കാക്കുന്നത്. യു.ഡി. എ ഫിലെ ഘടക കക്ഷിയുടെ പ്രാദേശിക വനിതാ നേതാവിനെയാണ് ഇതിൽ പ്രധാനമായും സംശയിക്കുന്നത്. ഇനിയും കണ്ടെത്താനുള്ള സ്കൂട്ടർ ഇവരുടെ ബന്ധുവിന്റേതാണെന്നും സംശയിക്കുന്നുണ്ട്. സ്ഫോടക വസ്തു വാങ്ങിയതിലും ആക്രമണ പദ്ധതി തയാറാക്കിയതിലും പങ്കുള്ളവരാണ് അടുത്ത പ്രതികൾ. യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് ഉൾപ്പെടെ മൂന്ന് പേരാണ് ഇക്കാര്യത്തിൽ സംശയമുനയിലുള്ളത്. 

ജിതിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ  ഇവരെയൊക്കെ പ്രതി ചേർക്കാനുള്ള വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ നിലവിൽ ജിതിനെതിരെ ഉയർത്തിക്കാട്ടുന്ന പല തെളിവുകളും ഇനിയും കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. മുഖ്യ തെളിവെന്ന് പറയപ്പെടുന്ന ടീ ഷർട് , ഷൂസ് എന്നിവ ലഭിച്ചിട്ടില്ല. പ്രതിയെത്തിയ സ്കൂട്ടറും കണ്ടെത്തിയിട്ടില്ലെന്ന് മാത്രമല്ല നമ്പർ പോലും തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടക വസ്തുവിന്റെ ഉറവിടവും വ്യക്തമല്ല. കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യലിൽ ഇവയ്ക്കും ഉത്തരം ലഭിച്ചാൽ മാത്രമേ കേസ് നിലനിൽക്കൂ. അതിനാൽ 5 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷക്കൊപ്പം ജിതിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാൽ ക്രൈംബ്രാഞ്ചിനും സി.പി.എമ്മിനും വലിയ തിരിച്ചടിയാവും.

MORE IN BREAKING NEWS
SHOW MORE