‘മകളുടെ മരണം ചികില്‍സാപ്പിഴവ് മൂലം: പരിമിതികളുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു’

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചത് വേണ്ടത്ര ചികിത്സ നൽകാത്തതുകൊണ്ടെന്ന് കുടുംബം. ആശുപത്രിയിൽ പരിമിതികളുണ്ടെന്ന് ജീവനക്കാര്‍ പറ‍ഞ്ഞെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പെരുനാട് സ്വദേശി പന്ത്രണ്ടുവയസുള്ള അഭിരാമി കോട്ടയം മെഡിക്കല്‍ കോളജിലാണ് മരിച്ചത്. പേവിഷബാധയ്ക്ക് മൂന്ന് വാക്സീനും എടുത്തിരുന്നു. കഴിഞ്ഞ 24 നാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. കൈയിലും കാലിനും കണ്ണിനടത്തുമായി മൂന്നിടത്താണ് ആക്രമണമേറ്റത്. വെള്ളിയാഴ്ച ആരോഗ്യനില വഷളായതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കുട്ടിക്ക് പെരുനാട് ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിച്ചിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.