silverline

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്നതിന് വഴിയൊരുക്കി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം. നിലവിലേ ഏജന്‍സികളെ തന്നെ പഠനം ഏല്‍പ്പിക്കുന്നതിന് തടസമില്ലെന്നാണ് നിയമോപദേശം. ഇതേസമയം സില്‍വര്‍ലൈന്‍ കടന്നുപോകുന്ന റയില്‍വേ ഭൂമിയിലെ സര്‍വേ പൂര്‍ത്തിയാക്കി കെ റയില്‍ റിപ്പോര്‍ട്ട് റയില്‍വേ ബോര്‍ഡിന് കൈമാറി. 108 ഹെക്ടര്‍ റയില്‍വേ ഭൂമി പദ്ധതിക്ക് വേണമെന്നാണ് റിപ്പോര്‍ട്ട്. വിജ്ഞാപനം ഇറക്കാന്‍ അനുമതി തേടി റവന്യുമന്ത്രി മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറി.

പ്രതിഷേധങ്ങളെ തുടര്‍ന്ന് തടസപ്പെട്ട സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങാന്‍ വഴിയൊരുക്കിയാണ് എജിയുടെ നിയമോപദേശം. എല്ലാ ജില്ലകളിലും സാമൂഹികാഘാതപഠനത്തിനുള്ള കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. നിലവില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്‍സികള്‍ക്ക് തന്നെ വീണ്ടും കരാര്‍ നല്‍കുകയോ പുതിയ ടെന്‍ഡര്‍ വിളിക്കുകയോ ചെയ്യാം എന്നാണ് എജിയുടെ നിയമോപദേശം. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇതേസമയം പദ്ധതിക്ക് എത്ര റയില്‍വേ ഭൂമി വേണം എന്ന് കണ്ടെത്തുന്നതിന് നടത്തിയ സര്‍വേ പൂര്‍ത്തിയാക്കി കെ റയില്‍ റയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി. 9 ജില്ലകളിലായി 189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ ഭൂമിവേണമെന്നാണ് കണ്ടെത്തല്‍. 180 ഹെക്ടര്‍ വേണ്ടിവരുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. 

പഠനറിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ഭൂമിവേണ്ടത് കോഴിക്കോടാണ്, 40.35 ഹെക്ടര്‍. മലപ്പുറത്ത് 26.30 ഹെക്ടര്‍, കണ്ണൂരില്‍ 20.65 ഹെക്ടര്‍ എന്നിങ്ങനെയാണ് റയില്‍വേ ഭൂമി വേണ്ടത്. ചില റയില്‍വേ മേല്‍പ്പാലങ്ങളും അടിപ്പാതകളും ഏറ്റെടുക്കേണ്ടിവരും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി കെട്ടിടങ്ങള്‍ നില്‍ക്കുന്ന 3.6 ഹെക്ടര്‍ സ്ഥലവും സില്‍വര്‍ലൈനിന് വേണം. സതേണ്‍ റയിലേ അധികൃതരും കെ റയില്‍ എന്‍ജിനീയര്‍മാരും സംയുക്തമായാണ് സര്‍വേ നടത്തിയത്. സര്‍വേ വിവരങ്ങള്‍ നിലവിലെ സില്‍വര്‍ലൈന്‍ മാപ്പില്‍ സൂപ്പര്‍ ഇംപോസ് ചെയ്തതും റയില്‍വേ ബോര്‍ഡിന് കൈമാറി. റയില്‍വേ ഭൂമി പദ്ധതിയിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതമായി കണക്കാക്കും.