ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവച്ചു

FILE PHOTO

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഗുലാം നബിയുടെ രാജിക്കത്തിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ ബാലിശമായ പെരുമാറ്റങ്ങളാണ് പാര്‍ട്ടിയുടെ പതനത്തിന് കാരണം. മുതിര്‍ന്ന നേതാക്കള്‍ നിരന്തരം അപമാനിക്കപ്പെട്ടുവെന്നും രാജിക്കത്തില്‍ പറയുന്നു.  ബിജെപിക്കെതിരെ പാര്‍ട്ടി ശക്തമായ നിലപാടെടുക്കുമ്പോള്‍  ഗുലാം നബി ഇത്തരമൊരു തീരുമാനമെടുത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

2013ല്‍ രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്തതോടെ കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ അവസാനിച്ചെന്ന് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കയച്ചകത്തില്‍ കുറ്റപ്പെടുത്തുന്നു. മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെട്ടു. പരിചയസമ്പത്തില്ലാത്ത പാദസേവകരുടെ നിയന്ത്രണത്തിലായി കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുലിന്‍റെ ബാലിശമായ നിലപാടുകള്‍ 2014ലെ പരാജയത്തിലേക്ക് നയിച്ചെന്ന് ഗുലാം നബി കുറ്റപ്പെടുത്തുന്നു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അയോഗ്യത മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരസ്യമായി കീറിയെറിഞ്ഞ രാഹുലിന്‍റെ നടപടി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കേന്ദ്രസര്‍ക്കാരിനെയും പൊതുമധ്യത്തില്‍ ദുര്‍ബലരാക്കി. യുപിഎ സര്‍ക്കാരിനെ തകര്‍ത്ത റിമോട്ട് കണ്‍ട്രോള്‍ ഭരണം ഇപ്പോള്‍ പാര്‍ട്ടിയെയും നശിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റ ജീവനക്കാരും ചേര്‍ന്നാണ് എല്ലാ സുപ്രധാന തീരുമാനങ്ങളുമെടുക്കുന്നതെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയെ നവീകരിക്കാന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ് എന്നും വിമര്‍ശനമുണ്ട്.  പാര്‍ട്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ച ജി 23 നേതാക്കള്‍ അപമാനിക്കപ്പെട്ടു എന്നും കത്തില്‍ പറയുന്നു. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി നിയമിച്ച സോണിയ ഗാന്ധിയുടെ തീരുമാനം നേരത്തെ ഗുലാം നബി തള്ളിക്കളഞ്ഞിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നസമയത്തെ രാജി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ജമ്മു കശ്മീര്‍ പാര്‍ട്ടി പുനസംഘടന അദ്ദേഹം ആവശ്യപ്പെട്ട രീതിയില്‍ നടത്തിയിട്ടും പാര്‍ട്ടിയോട് സഹകരിക്കാന്‍ ഗുലാം നബി തയാറാകാത്തത് എന്തെന്ന് വ്യക്തമല്ലെന്ന് നേതൃത്വത്തിന്‍റെ നിലപാട്.