കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയിൽ; മടവീഴ്ച ഭീഷണിയിൽ കർഷകർ

kuttanadwater-06
SHARE

ഒരു പകൽ മുഴുവൻ മഴ മാറിനിന്നെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയിൽ ഉയർന്നു തന്നെ നിൽക്കുന്നു. രാത്രി മുതൽ ഇടവിട്ട് മഴയുണ്ട്. ജലനിരപ്പ് ഉയർന്നത് നെൽകൃഷിക്ക് വൻ ഭീഷണിയായി. ചമ്പക്കുളത്ത് രണ്ടാം കൃഷി ചെയ്യുന്ന 100 ഏക്കറുള്ള ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ രാത്രി മടവീണു. ജലനിരപ്പ് ഉയർന്ന് പുറം ബണ്ട് തകർന്നാണ് മടവീഴ്ച ഉണ്ടായത്. ഇവിടെ മടവീണതിനാൽ തൊട്ടടുത്തുള്ള പാടത്തും വെള്ളം കയറുമെന്ന ഭീഷണിയുണ്ട്. മടവീഴ്ച മൂലം എടത്വ - ചമ്പക്കുളം റോഡിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. 

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന കുട്ടനാട്ടിൽ താഴ്ന്നയിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ 33 ദുരിതാശ്വാസ ക്യാംപുകളിലായി 900 ത്തോളം പേരുണ്ട്. വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് കുട്ടനാട് താലൂക്കിൽ കാവാലം, കൈനകരി പഞ്ചായത്തുകളിൽ 48 ഗ്രൂവൽ സെന്ററുകൾ തുറന്നു. ഒൻപതിനായിരം ആളുകൾക്ക് ഈ കേന്ദ്രങ്ങളിലൂടെ ഭക്ഷണം വിതരണം ചെയ്യും.  എൻഡിആർഎഫ് സംഘം ഇന്ന്    കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും എത്തും. അടിയന്തരഘട്ടത്തെ നേരിടുന്നതിന് ബോട്ടുകളും വാഹനങ്ങളും തയാറാക്കിനിർത്തിയിട്ടണ്ട്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എടത്വ - ഹരിപ്പാട് റോഡ്, നീരേറ്റുപുറം - കിടങ്ങറ റോഡ്, കാവാലം കൃഷ്ണപുരം - നാരകത്തറ റോഡ് തുടങ്ങിയ പാതകളിലെല്ലാം പല ഭാഗങ്ങളിലും വെള്ളുണ്ട്.. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രത്ത് റോഡിൽ വെള്ളക്കെട്ടാണ്.

MORE IN BREAKING NEWS
SHOW MORE