ഐസക് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല; വിശദമായ കത്ത് നൽകും; ജാഗ്രതയോടെ സിപിഎം

മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. നിയമനടപടിയിലേക്ക് നീങ്ങാനാണ് തീരുമാനം. ആദ്യഘട്ടമായി ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും.  

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ വാദം. ചോദ്യം ചെയ്യലിനായി 11ന് ഹാജരാകാനാണ് തോമസ് ഐസകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകാനായി ഹാജരാകേണ്ട എന്നാണ് നിലവിലെ തീരുമാനം. പകരം തന്‍റെ നിലപാട് വിശദീകരിച്ച് വിശദമായ മറുപടിക്കത്ത് ഇ.ഡിക്ക് തോമസ് ഐസക് നല്‍കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടന്നു. സുപ്രീംകോടതിയില്‍ നിന്ന് ഇ.ഡിക്ക് കഴിഞ്ഞദിവസം കിട്ടിയ അനുകൂലവിധി കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ മാത്രമാണ് ബാധകമെന്നാണ് നിയമോപദേശം ലഭിച്ചത്. 

കിഫ്ബിക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നതും ആലോചനയിലുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ കൂടിയാലോചനകള്‍ തുടരുകയാണ്. ഇ.ഡിക്കുമുന്നില്‍ ഹാജരാകുന്നതിന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിയമോപദേശം തേടുമെന്നുമായിരുന്നു കഴിഞ്ഞദിവസം തോമസ് ഐസക് പ്രതികരിച്ചത്. കിഫ്ബിക്കെതിരായ ഇ.ഡി കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. മാത്രമല്ല, കിഫ്ബി കേസില്‍ തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ പോയിരുന്നാല്‍, പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസിലും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായേക്കും. അതിനാല്‍ തോമസ് ഐസകിന് കിട്ടിയ നോട്ടീസില്‍ ജാഗ്രതയോടെ നീങ്ങാനാണ് പാര്‍ട്ടി തീരുമാനം.