
ഡീസൽക്ഷാമം ഉയർത്തിക്കാട്ടി ജനങ്ങളെ വലച്ച് കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ ബുധനാഴ്ച വരെ. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി സിഎംഡിയോട് ഗതാഗതമന്ത്രി ആന്റണി രാജു നിർദേശിച്ചു. അതേസമയം, ഡീസൽ പ്രതിസന്ധി കൃത്രിമമാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു.
ഗ്രാമീണ മേഖല കൂടുതൽ ആശ്രയിക്കുന്ന ഓർഡിനറി സർവീസുകളിൽ 40 ശതമാനം മാത്രമാണ് ഇന്ന് നിരത്തിലുള്ളത്. സർവീസ് വെട്ടിച്ചുരുക്കൽ ബുധനാഴ്ച വരെയുണ്ടാകുമെന്നാണ് മാനേജ്മെന്റിന്റെ അറിയിപ്പ്. ഡീസൽ വിതരണക്കാർക്ക് 13 കോടി രൂപയുടെ കുടിശിക വരുത്തിയതാണ് പ്രതിസന്ധിയായത്. പ്രതിമാസ ധനസഹായത്തിൽ സർക്കാർ നൽകാനുള്ള 20 കോടി രൂപ കിട്ടിയാൽ പ്രതിസന്ധി പരിഹരിക്കാമെന്നാണ് മാനേജ്മെന്റ് പറയുന്നത്. കുടിശിക നൽകാതെ എണ്ണക്കമ്പനികൾ ഡീസൽ നൽകില്ലെന്നിരിക്കെ ഓരോ ബസും സ്വന്തം കളക്ഷനിൽ നിന്ന് ഡീസൽ അടിക്കുന്നതിന് തുക കണ്ടെത്തണമെന്നാണ് നിർദേശം.
അതേസമയം, ദിവസ വരുമാനത്തിൽ നിന്ന് ശമ്പളം കൊടുക്കാൻ കഴിയില്ലെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുകയാണെന്ന് യൂണിയനുകൾ ആരോപിച്ചു. വെള്ളിയാഴ്ച മാത്രം 702 ഓർഡിനറി സർവീസുകൾ റദ്ദാക്കി. സൂപ്പർ ക്ലാസ് സർവീസുകൾ റദ്ദാക്കരുതെന്ന് നിർദേശമുണ്ടെങ്കിലും തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ സ്റ്റാൻഡിൽ അഞ്ച് സർവീസുകൾ റദ്ദാക്കി.