റീപ്പോ നിരക്ക് 5.40 ശതമാനമാക്കി ഉയര്‍ത്തി; വർധന തുടർച്ചയായ മൂന്നാം തവണ

നാണ്യപ്പെരുപ്പവും വിലക്കയറ്റവും തുടരുന്ന സാഹചര്യത്തില്‍ റീപ്പോ നിരക്ക് 5.40 ശതമാനമാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായി മൂന്നാം തവണയാണ് റീപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതോടെ വായ്പ, നിക്ഷേപ നിരക്കുകള്‍ ഉയര്‍ന്നേക്കും. 50 ബേസിസ് പോയന്‍റ് വര്‍ധിപ്പിക്കാനാണ് ആര്‍ബിെഎയുടെ ധനനയ സമിതി യോഗം തീരുമാനിച്ചത്. ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 

വിലക്കയറ്റം വലിയ വെല്ലുവിളിയാകുന്നു. എങ്കിലും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങള്‍ ശക്തമാണെന്നും വിദേശ നിക്ഷേപം വര്‍ധിച്ചതായും ആര്‍ബിെഎ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.  2022–23ലെ ജിഡിപി 7.2 ശതമാനമായി കണക്കാക്കിയതില്‍ മാറ്റമില്ല. 2023–24ലെ ഒന്നാം പാദത്തിലെ ജിഡിപി 6.7 ശതമാനമാകും. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ നാണ്യപ്പെരുപ്പം 6 ശതമാനത്തില്‍ കൂടുതലായി തുടരും.