വായ്പനിരക്ക് കൂട്ടി ആര്‍.ബി.ഐ; റിപ്പോ 0.40% വര്‍ധിപ്പിച്ചു, പുതിയ നിരക്ക് 4.40%

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ അടിസ്ഥാന വായ്പ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. 40 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ച് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 4.40 ശതമാനമാക്കി. നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകാന്‍ ഇടയുണ്ടെങ്കിലും വിവിധ ബാങ്ക് വായ്പകളുടെ തിരിച്ചടവ് നിരക്ക് ഉയരും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനശേഖര നിരക്കും അരശതമാനം റിസര്‍വ് ബാങ്ക് കൂട്ടി.

പല കൊടുങ്കാറ്റുകളില്‍പ്പെട്ട കപ്പല്‍ ഉലയാതെ നിര്‍ത്തണമെങ്കില്‍ സുപ്രധാന തീരുമാനം എടുത്തേമതിയാകൂ. ധന നയസമിതിയുടെ പ്രത്യേക യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് കൂട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കവെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്കതികാന്ത ദാസ് പറഞ്ഞ വാക്കുകളാണിത്. പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനും വിലസ്ഥിരത ഉറപ്പാക്കാനുമാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. രാജ്യാന്തരതലത്തില്‍ നാണ്യപ്പെരുപ്പം അതിവേഗം കൂടുന്നത്, യുക്രെയ്ന്‍ യുദ്ധം അടക്കം സംഘര്‍ഷസാഹചര്യം, എണ്ണവില വര്‍ധന, ഭക്ഷ്യവില രാജ്യാന്തരതലത്തില്‍ വര്‍ധിക്കുന്നത്, വിവിധ രാജ്യങ്ങള്‍ ഭക്ഷ്യഎണ്ണ കയറ്റുമതി നിരോധിച്ചത് കാര്‍ഷിക വളങ്ങളുടെ വില കൂടുതല്‍ എന്നിവ കണക്കിലെടുത്താണ് തീരുമാനം. ബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനശേഖര നിരക്ക് നാലില്‍ നിന്ന് നാലര ശതമാനമാക്കി. ഇതിലൂടെ 87,000 കോടി രൂപയുടെ പണലഭ്യത നിയന്ത്രിച്ചു. 

തീരുമാനം വായ്പ തിരിച്ചടവ് നിരക്ക് ഉയരാന്‍ ഇടയാക്കിയേക്കും. 2020 മേയ്ക്ക് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്.