കറന്‍സി നോട്ടുകളിൽ നിന്ന് ഗാന്ധിയെ മാറ്റില്ല; റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്

രാജ്യത്തെ കറന്‍സി നോട്ടില്‍ ഗാന്ധിജിക്ക് പകരം മറ്റു നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്. ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയുള്ള കറന്‍സി നോട്ട് പുറത്തിറക്കാനുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് ആര്‍ബിെഎ വ്യക്തമാക്കി. നിലവിലെ നോട്ടില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് ആര്‍ബിെഎ കൂട്ടിച്ചേര്‍ത്തു. 

ഗാന്ധിജിയുടെ ചിത്രത്തിന് പകരം മഹാകവി രബീന്ദ്രനാഥ് ടാഗോറിന്‍റെയും മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്‍റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കറന്‍സി നോട്ട് പുറത്തിറക്കാന്‍ നീക്കം നടക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയ രണ്ട് വ്യത്യസ്ത സെറ്റ് സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്‍റെ വിശദീകരണം. നോട്ടില്‍ ഗാന്ധിജി തുടരും. ഗാന്ധിജിയെ ഒഴിവാക്കി കറന്‍സി ഇറക്കുന്നത് പരിഗണനയിലില്ലെന്നും നിലവിലെ നോട്ടില്‍ മാറ്റംവരുത്തില്ലെന്നും ആര്‍ബിെഎ കൂട്ടിച്ചേര്‍ത്തു. 

ഗാന്ധിക്ക് പകരം മറ്റു നേതാക്കളുടെ ചിത്രമുള്ള നോട്ട് പുറത്തിറക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗാന്ധിജിയെ മാറ്റുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വലിയതോതില്‍ പിന്നീട് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയ നോട്ട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിയിരുന്നു.