'നിയമം നിയമത്തിന്റെ വഴിക്ക് പോകും'; ശബരിയുടെ അറസ്റ്റിൽ ഇ.പി ജയരാജൻ

ശബരീനാഥന്റെ അറസ്റ്റില്‍ നിയമം നിയമത്തിന്റെ വഴിക്ക്  പോകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അറസ്റ്റ് നടപടി അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. പൊലീസിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവര്‍ ആ വഴി നീങ്ങുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന്‍ അറസ്റ്റിലയി. രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ശബരീനാഥനെ അറസ്റ്റു ചെയ്ത വിവരം പ്രോസിക്യൂട്ടര്‍ കോടതിയെ അറിച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്. ശബരീനാഥിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 11 മണിക്ക് പരിഗണിച്ച കോടതി, ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ചു. അപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രോസിക്യൂട്ടര്‍,  ശബരീനാഥനെ 10.50ന് അറസ്റ്റു ചെയ്തുവെന്ന് പീന്നീട് അറിയിച്ചു. 10.30നാണ് ശബരീനാഥന്‍ ചോദ്യംചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. എന്നാല്‍ തന്‍റെ അറസ്റ്റ് 12.30നാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യപരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശബരീനാഥന്‍ പറഞ്ഞു.